തിരുവനന്തപുരം: ശബരിമല തിരുവാഭരണ പരിശോധന പൂർത്തിയായെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. സുപ്രിംകോടതിയുടെ നിർദേശ പ്രകാരമായിരുന്നു തിരുവാഭരണ പരിശോധന. തിരുവാഭരണത്തിന്റെ സുരക്ഷയിൽ തൃപ്തി ഉണ്ട്. ഉടൻ കോടതിക്ക് റിപ്പോർട്ട് നൽകും. തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചത് യന്ത്ര സഹായത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടിക്കൂറ, നെറ്റിപ്പട്ടം എന്നിവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ എത്തിയത് രാവിലെ പത്ത് മണിയോടെയാണ്. പന്തളം കൊട്ടാര നിർവാഹക സംഘം ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തിന് സ്വീകരണം നൽകി. പിന്നീടായിരുന്നു സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി പരിശോധന.
സ്വർണ പണിക്കാരടങ്ങുന്ന സംഘമായിരുന്നു പരിശോധനക്കുണ്ടായിരുന്നത്. പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ, ദേവസ്വം ബോർഡ് പ്രതിനിധി, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ സുരക്ഷിതമല്ലെന്ന് ആശങ്ക ഉണ്ടായ സാഹചര്യത്തിലായിരുന്നു സുപ്രിംകോടതി പരിശോധനക്ക് നിർദേശം കൊടുത്തത്.
16 ഇനങ്ങൾ ഉൾപ്പെടുന്ന തിരുവാഭരണത്തിന്റെ തൂക്കവും മാറ്റും പരിശോധിച്ച് ഉറപ്പാക്കി. തിരുവാഭരണം ദേവസ്വംബോർഡിന് കൈമാറണമെന്ന ദേവപ്രശ്ന വിധി ചോദ്യം ചെയ്ത് രാമവർമ രാജാ 2007 നൽകിയ ഹർജിയെ തുടർന്നാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധന നടത്താൻ നിർദേശിച്ചത്. പരിശോധന പൂർത്തിയാക്കി വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ, നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് സുപ്രിംകോടതി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, രാമവർമരാജ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലവും ഒപ്പും പരിശോധിച്ചു ഉറപ്പാക്കാൻ പത്തനംതിട്ട ജില്ലാ കോടതിയിൽ നടപടികൾ ഇപ്പോഴും തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon