കോഴിക്കോട്: മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയര്‍മാനുമായ അഡ്വ. പി ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച രാത്രി 11.07 നായിരുന്നു അന്ത്യം. മൃതദേഹം രാത്രി കരിക്കാംകുളത്തെ വീട്ടിലെത്തിച്ചു.
ബുധനാഴ്‌ച പകല്‍ രണ്ടുവരെ വീട്ടിലും വൈകീട്ട് നാലുവരെ ഡിസിസി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്‌ക്കും. പേരാമ്ബ്രയിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ പത്തിന് പേരാമ്ബ്ര കടിയങ്ങാടുള്ള തറവാട്ടുവളപ്പില്‍.
എംപി, എംഎല്‍എ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ശങ്കരന്‍ വക്കീല്‍ 2001ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ--വിനോദസഞ്ചാര മന്ത്രിയായിരുന്നു. പത്തുവര്‍ഷം കോഴിക്കോട് ഡിസിസി പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1998ല്‍ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലെത്തി. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നീ നിലകളില്‍നിന്നാണ് പൊതുരംഗത്ത് സജീവമായത്. തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാനും കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാനുമായിരുന്നു. കലിക്കറ്റ് സിന്‍ഡിക്കറ്റിലെ ആദ്യ വിദ്യാര്‍ഥി പ്രതിനിധിയായും ചരിത്രം കുറിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എ കെ ആന്റണി മന്ത്രിസഭയില്‍ അംഗമായിരിക്കെ 2005 ജൂലൈ ഒന്നിന് മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവച്ച് കെ കരുണാകരനൊപ്പം ഡിഐസിയില്‍ ചേര്‍ന്നു. 2006ല്‍ കൊയിലാണ്ടിയില്‍ ഡിഐസി സ്ഥാനാര്‍ഥിയായി മത്സരിച്ചു.
അച്ഛന്‍: സ്വാതന്ത്ര്യസമര സേനാനിയായ കടിയങ്ങാട് പുതിയോട്ടി കേളുനായര്‍. അമ്മ: മാക്കംഅമ്മ. ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്). മക്കള്‍: രാജീവ് എസ് മേനോന്‍ (എന്‍ജിനിയര്‍, ദുബായ്), ഇന്ദു പാര്‍വതി, ലക്ഷ്മിപ്രിയ. മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും ഐടി എന്‍ജിനിയര്‍മാര്‍, അമേരിക്ക), ദീപ്തി. സഹോദരങ്ങള്‍: കല്യാണിഅമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകിഅമ്മ (മൊകേരി), പരേതരായ ഗോപാലന്‍നായര്‍, രാഘവന്‍ നായര്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon