തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 2016ലെ ഡിസബലിറ്റീസ് ആക്ട് (ആര്‍.പി.ഡബ്ലിയു.ഡി.) പ്രകാരം 4 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവായി. എയിഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് 19.04.2017 മുതലുള്ള മൊത്തം ഒഴിവുകളുടെ 4 ശതമാനം ജോലി സംവരണം ലഭിക്കുന്നത്. കൂടാതെ 1995ലെ ഡിസബലിറ്റി ആക്ട് പ്രകാരം 7.02.1996 മുതല്‍ 18.4.2017 വരെ മുന്‍കാല പ്രാബല്യത്തോടെ 3 ശതമാനം സംവരണം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്.
1995-ലെ ഡിസബിലിറ്റി ആക്ട് അനുസരിച്ച് ഭിന്നശേഷിക്കാര്‍ക്ക് തുല്യ അവസരം, സംരക്ഷണാവകാശം, പൂര്‍ണ പങ്കാളിത്തം എന്നിവ ഉറപ്പു വരുത്താനായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് 3 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ ഒരു ശതമാനം വീതം കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ലോക്കോമോട്ടോര്‍ അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി എന്നീ വിഭാഗങ്ങള്‍ക്ക് മാറ്റി വയ്ക്കണമെന്ന് 1995 ലെ ആക്ട് അനുശാസിച്ചിരുന്നു.
ഇതുകൂടാതെ 1956ലെ കമ്പനി ആക്ട് പ്രകാരവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പി.എസ്.സി. വഴിയുള്ള നിയമനങ്ങളില്‍ ഈ സംവരണം പാലിക്കാനായെങ്കിലും എയിഡഡ് മേഖലയില്‍ ഇത് സാധ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon