തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി കെ എസ് ആർ ടി സിയിൽ തുടരുന്നു. ആയിരത്തിലേറെ സർവ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആർ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.
മദ്ധ്യ, വടക്കന്‍ മേഖലയിലാണ് യാത്രാക്ലേശം രൂക്ഷം. വടക്കന്‍ മേഖലയില്‍ 850 പേരാണ് പുറത്താക്കപ്പെട്ടത്. ഡിപ്പോകളിലും വഴിയരികിലെ സ്റ്റോപ്പുകളിലും ജനങ്ങള്‍ മണിക്കൂറുകളോളം കാത്തു നിന്നു. ഗ്രാമങ്ങളില്‍ സമാന്തര സര്‍വീസാണ് ജനത്തിന് ആശ്രയം.
വടക്കന്‍ ജില്ലകളില്‍ വയനാട്ടിലാണ് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. 60 സര്‍വീസ് റദ്ദാക്കി.
എറണാകുളം ജില്ലയില്‍ 2023 സര്‍വീസുകളില്‍ 403 എണ്ണം മുടങ്ങി. കുമളി, പമ്ബ അടക്കം ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ വലച്ചു. ജില്ലയില്‍ 483 എംപാനല്‍കാരെയാണ് പിരിച്ചുവിട്ടത്. മലയോര, കിഴക്കന്‍ പ്രദേശങ്ങളെയും പശ്ചിമകൊച്ചി, പറവൂര്‍ മേഖലകളെയും സര്‍വീസ് മുടക്കം വലച്ചു. കെ.എസ്.ആര്‍.ടി.സിക്ക് മാത്രം സര്‍വീസുള്ള എറണാകുളം - കോലഞ്ചേരി - മൂവാറ്റുപുഴ റൂട്ടിലും പെരുമ്ബാവൂര്‍ - മൂവാറ്റുപുഴ റൂട്ടുകളിലും ഇന്നലെ രാവിലെമുതല്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു.
തെക്കന്‍ മേഖലയിലും യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 622 സര്‍വീസുകള്‍ റദ്ദാക്കി.
ഇന്നലെ മുടങ്ങിയ സര്‍വീസുകള്‍
തെക്കന്‍ മേഖല 622
മദ്ധ്യമേഖല 769
വടക്കന്‍ മേഖല 372
ആകെ 1763
പി എസ്‍ സി നിയമന ഉത്തരവ് നൽകിയ 4,051 ഉദ്യോഗാർത്ഥികളോട് നാളെ കെ എസ് ആർ ടി സി ആസ്ഥാനത്തെത്താൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടർന്നാണ് നടപടി. 3,091 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
അതേസമയം, എം.പാനല്‍ കണ്ടക്ടര്‍മാര്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് നാളെ ആലപ്പുഴയില്‍ നിന്ന് ആരംഭിക്കും. തിങ്കളാഴ്ച മാര്‍ച്ച് സെക്രട്ടറിയേറ്റിലേക്ക് എത്തും.

This post have 0 komentar
EmoticonEmoticon