മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയര്‍ത്തുമെന്നും 2019ല്‍ മോദി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. ആ അമിത ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിധി.
പൊതുതിരഞ്ഞെടുപ്പിന്റെ അരങ്ങിലേക്കു അടുത്തവര്‍ഷം കടക്കുമ്പോള്‍ ബിജെപിക്ക് പുതിയ പോര്‍മുനകള്‍ രാകി മിനുക്കേണ്ടി വരുമെന്നാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനലായി വിശേഷിപ്പിച്ച അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.
പ്രതീക്ഷിച്ചത്ര വിജയമില്ലാത്തതിന്റെ ആശങ്കയിലാണു ബിജെപി. എക്കാലത്തെയും വലിയ ജനകീയ നേതാവെന്ന് പാര്‍ട്ടി ഉറപ്പിച്ചു പറയുന്ന മോദിയുടെ തോളിലേറി മാത്രം പടുകൂറ്റന്‍ ജയമെന്ന ആത്മവിശ്വാസം പോയ്‌പോകുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടിയായെന്നു മോദിയും സര്‍ക്കാരും തിരിച്ചറിയുന്നു. പാര്‍ട്ടിയുടെ നെടുന്തൂണാണു മോദിയെന്ന ചിന്തയിലുണ്ടായ ഇടിവാണ് അഞ്ചിടത്തും ആഞ്ഞടിക്കാതിരുന്ന മോദീതരംഗം.
അതേസമയം പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ചയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത്. ബി.ജെ.പി ഭരണം നിലനിന്നിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അട്ടിമറിച്ച് മികച്ച നേട്ടം കൊയ്യാനായത് രാഹുലിന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനത്തിലൂടെയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ ചരിത്ര വിജയം നേടാനായതും ശ്രദ്ധേയമാണ്.
അതേസമയം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് ശേഷം ബി.ജെ.പി തരംഗത്തെ വെട്ടിമാറ്റി കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ച് വരുന്നതിന്റെ ശക്തമായ സൂചന കൂടിയാണ് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്. നരേന്ദ്ര മോദിയെന്ന അതികായകനോട് മത്സരിക്കാന്‍ തക്ക നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നുവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
നരേന്ദ്ര മോദിക്ക് തങ്ങളുടെ ബദല്‍ രാഹുല്‍ തന്നെയാണെന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പഴങ്കഥയായിരിക്കുന്നു. ഇനിയിപ്പോള്‍ പപ്പുവില്ല. പപ്പുവിന്റെ അസ്തമനവും രാഹുലിന്റെ ഉദയവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇനി പുതിയ കളിയാണ്. ഈ കളിയില്‍ മായാവതിയോ, മമതയോ, ശരദ്പവാറോ, ചന്ദ്രബാബുനായിഡുവോ, ചന്ദ്രശേഖര്‍റാവുവോ അല്ല രാഹുല്‍ തന്നെയായിരിക്കും പ്രതിപക്ഷ നിരയുടെ നായകന്‍.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്നാല്‍ തങ്ങളുടെ ഭരണം നിലനിന്നിരുന്ന മിസോറാമില്‍ അടിപതറിയത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon