ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവും ലേബര്‍ ലീഡറുമായ ജെറമി കോര്‍ബിനാണ് ഇന്നലെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ബ്രെക്സിറ്റ് ഉടമ്ബടിയിന്മേലുള്ള പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാം വാരം മാത്രമേ നടക്കൂവെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അവിശ്വാസത്തിനു നോട്ടിസ് നല്‍കിയത്.
കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ്, പരാജയം ഉറപ്പായതോടെ അവസാന നിമിഷം പ്രധാനമന്ത്രി അനിശ്ചിതമായി മാറ്റിവയ്ക്കുകയായിരുന്നു. ബ്രെക്സിറ്റിന്മേല്‍ അഭിപ്രായം അറിയിക്കാനുള്ള എംപിമാരുടെ അവസരം ഒരുമാസത്തേക്കു നീട്ടിവയ്ക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനം ഒരുവിധത്തിലും അംഗീകരിക്കാനാകില്ലെന്നു പ്രമേയത്തിനു നോട്ടിസ് നല്‍കിക്കൊണ്ട് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. ദേശീയ പ്രതിസന്ധിയിലേക്കാണു രാജ്യത്തെ തെരേസ മേയ് നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരാജയം ഉറപ്പായതിനാല്‍ കഴിഞ്ഞയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റിവച്ച് ബ്രസല്‍സില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി പോയ പ്രധാനമന്ത്രിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളില്‍ നിന്നും കാര്യമായ ഉറപ്പുകള്‍ നേടാനോ ഉടമ്ബടിയില്‍ എന്തെങ്കിലും ഭേദഗതി വരുത്താനോ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഇന്നലെ പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാംവാരമേ നടക്കൂ എന്ന് അവര്‍ അറിയിച്ചത്. ഉടമ്ബടിയിലെ വിവാദവിഷയമായ ഐറീഷ് ബാക്ക്സ്റ്റോപ്പ് ഒരിക്കലും ബ്രിട്ടനു കെണിയാകില്ലെന്ന് യൂറോപ്യന്‍ നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ പലരും വിമതപക്ഷത്തായിട്ടും പൊരുതിനിന്ന തെരേസ മേയ്ക്ക് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ മറികടക്കുക എളുപ്പമാകില്ല. കേവലം 317 എംപിമാരേ പാര്‍ലമെന്റില്‍ ടോറികള്‍ക്കുള്ളു. ഇതില്‍ 117 പേര്‍ മേയുടെ ബ്രെക്സിറ്റ് നയങ്ങളെ എതിര്‍ക്കുന്നവരാണ്. ഇതില്‍ത്തന്നെ പകുതിയോളം പേര്‍ പ്രധാനമന്ത്രി മാറണമെന്ന് ശക്തമായ ആഗ്രഹമുള്ളവരും. ഇവരെല്ലാം പ്രമേയത്തെ അനുകൂലിക്കുന്ന സ്ഥിതിയുണ്ടായാല്‍ പ്രധാനമന്ത്രിസ്ഥാനം തെരേസയ്ക്ക് രാജി വെയ്ക്കേണ്ടിവരും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon