ads

banner

Saturday, 19 January 2019

author photo

· പൂക്കാലം കാണാൻ ഇന്നും നാളെയും കൂടി അവസരം

കനകക്കുന്നിൽ പൂക്കളുടെ നിറവസന്തം വിരിയിച്ച വസന്തോത്സവത്തിന് നാളെ (ജനുവരി 20) സമാപനം. തലസ്ഥാന നഗരിക്കു പത്തുനാൾ അക്ഷരാർഥത്തിൽ പൂക്കാലമൊരുക്കിയാണു പുഷ്പമേള കൊടിയിറങ്ങുന്നത്. കനകക്കുന്നിന്റെ ഇടവഴികളിൽ പൂത്തുലഞ്ഞുനിൽക്കുന്ന മനോഹര പുഷ്പങ്ങളും ചെടികളും കാണാൻ പതിനായിരങ്ങളാണ് ദിനംപ്രതിയെത്തുന്നത്.

വസന്തോത്സവം ആരംഭിച്ച ജനുവരി 11 മുതൽ ഇന്നലെ വരെ വിദേശികളടക്കം 80,000 ഓളം പേർ മേള സന്ദർശിച്ചതായാണു കണക്ക്. ഇന്നും അവധി ദിനമായ നാളെയും വലിയ തിരക്കാണു പ്രതീക്ഷിക്കുന്നത്. പതിനായിരക്കണക്കിനു പൂക്കളും സസ്യലോകത്തെ അത്യപൂർവങ്ങളായ ചെടികളും കനകക്കുന്നിൽ സന്ദർശകരെക്കാത്ത് ഇപ്പോഴും ചുറുചുറുക്കോടെ നിൽക്കുന്നുണ്ട്. പ്രദർശനത്തിനെത്തിച്ച പൂക്കളുടേയും ചെടികളുടേയും കൃത്യമായ പരിചരണത്തിന് ടൂറിസം വകുപ്പ് പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ട്.

കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ തുടങ്ങി സൂര്യകാന്തിയിൽ അവസാനിക്കുന്നതുവരെയുള്ള വഴികളുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണ് പൂക്കളും ചെടികളും ആസ്വാദകരെക്കാത്തിരിക്കുന്നത്. ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കൾ, റോസ്, അലങ്കാരച്ചെടികൾ, കള്ളിമുള്ള് ഇനങ്ങൾ, അഡീനിയം, ബോൺസായ് എന്നിങ്ങനെ നീളുന്നു സസ്യലോകത്തെ വർണ വൈവിധ്യം. 

ആഘോഷത്തിനു മാറ്റുകൂട്ടാൻ വനം - വന്യജീവി വകുപ്പിന്റെ വനക്കാഴ്ച, ഹോർട്ടികോർപിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ജലസസ്യ പ്രദർസനം, കാവുകളുടെ നേർക്കാഴ്ച തുങ്ങിയവയുമുണ്ട്. സംസ്ഥാന സർക്കാരിനു കീഴിലുള്ള 16 ഓളം സ്ഥാപനങ്ങളാണു വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. 36 ഓളം സ്വകാര്യ സ്ഥാപനങ്ങളും കനകക്കുന്നിൽ സ്റ്റാളുകളുമായുണ്ട്. സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയും സന്ദർശകരുടെ മനംകവരുന്നതാണ്.

ഇന്നും പതിവുപോലെ രാവിലെ പത്തിന് പ്രവേശനം ആരംഭിക്കും. ടിക്കറ്റ് മുഖേനയാണു പ്രവേശനം. അഞ്ചു വയസ് വരെയുള്ള കുട്ടികൾക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20ഉം 12നു മേൽ പ്രായമുള്ളവർക്ക് 50 രൂപയുമാണു ടിക്കറ്റ് നിരക്ക്. രാത്രി എട്ടു വരെയാണു പ്രവേശനം.

നാളെ (ജനുവരി 20) മുതൽ ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന നിശാഗന്ധി ഡാൻസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽവച്ച് വസന്തോത്സവത്തിലെ  മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. നാളെ വൈകിട്ടാണു പരിപാടി. വസന്തോത്സവം മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. 

പുഷ്പരാജ - പുഷ്പറാണി മത്സരം ഇന്ന്

വസന്തോത്സവത്തോടനുബന്ധിച്ചുള്ള പുഷ്പരാജ - പുഷ്പറാണി മത്സരം ഇന്ന് (19 ജനുവരി) നടക്കും. ജൂനിയർ-സീനിയർ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നു മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും ആറു മുതൽ പത്ത് വയസുവരെയുള്ള കുട്ടികൾക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. വിജയിക്കുന്ന ആൺകുട്ടികൾക്ക് പുഷ്പരാജ പുരസ്‌കാരവും പെൺകുട്ടികൾക്ക് പുഷ്പറാണി പുരസ്‌കാരവുമാണ് നൽകുന്നത്. പൂർണമായും പ്രകൃതിദത്ത പൂക്കൾ കൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങൾ, തലപ്പാവ്, കൈയ്യുറ തുടങ്ങിയവ ഉപയോഗിച്ച് മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ. കനകക്കുന്നിൽ പ്രവർത്തിക്കുന്ന വസന്തോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിൽ വൈകിട്ട് അഞ്ച് മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മത്സരം. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement