കൊച്ചി: മരണക്കിടക്കയില്‍നിന്ന് വിപ്ലവ നക്ഷത്രമായി ജ്വലിച്ചുയര്‍ന്ന് ആയിരങ്ങള്‍ക്ക് പ്രചോദനമായ സൈമണ്‍ ബ്രിട്ടോക്കു രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. വടുതലയിലെ വസതിയിലും പിന്നീട് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. രാഷ്ട്രീയ, സാമുഹ്യ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സഹപാഠികള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അന്ത്യാമോപചാരം അര്‍പ്പിച്ചു. അമ്മ ഐറീന്‍ റോഡ്രിഗ്‌സ്, ഭാര്യ സീന, മകള്‍ കയീനില എന്നിവരുടെ സ്‌നേഹ ചുംബനങ്ങള്‍ക്കുശേഷം മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹംപോലെ കളമശേരി മെഡിക്കല്‍ കോളജിനു കൈമാറി. സംസ്ഥാന പൊലീസ് സേനയുടെയും സി.പി.എം ചുവപ്പുസേനയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പ്രിയ സഖാവേ.. ജ്വലിക്കുന്ന ഓര്‍മയായി നിങ്ങള്‍ കാലങ്ങള്‍ അതിജീവിക്കുമെന്ന മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ ആര്‍ദ്രമാക്കവെ ബ്രിട്ടോയുടെ മൃതദേഹവുമായി വാഹനം മെഡിക്കല്‍ കോളജിലേക്കു നീങ്ങി. തിങ്കളാഴ്ച തൃശൂര്‍ ആശുപത്രിയിലായിരുന്നു ബ്രിട്ടോ ഹൃദയാഘാതം മൂലം അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി വടുതലയിലേ വീട്ടിലേക്കു മൃതദേഹം കൊണ്ടുവന്നു. ബുധനാഴ്ച രാവിലെ ഏഴേകാലോടെ മുഖ്യമന്തി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടോയുടെ അമ്മ ഐറീനെയും ഭാര്യ സീന ഭാസ്‌കറിനെയും മകള്‍ കയീനിലയെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രി അല്‍പ്പനേരം അവിടെ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍, നടന്‍ മമ്മൂട്ടി, മഹാരാജാസ് കോളജില്‍ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരന്‍, അമ്മ ഭൂപതി എന്നിങ്ങനെ നിരവധിപ്പേര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
വടുതലയില്‍നിന്ന് വിലാപയാത്രയായി മൃതദേഹം ടൗണ്‍ഹാളിലേക്കു കൊണ്ടുവന്നു. 11ന് വിലാപയാത്ര എത്തുമുമ്പേ ടൗണ്‍ഹാള്‍ പരിസരം നിറഞ്ഞിരുന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുഹ്യ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, പഴയകാല എസ്.എഫ്.ഐ നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവര്‍ക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലയില്‍നിന്നുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം.സി. ജോസഫൈന്‍, എ.ആര്‍. സിന്ധു, ജസ്റ്റിസ് വി.കെ. മോഹനന്‍, നടന്‍മാരായ ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, സംവിധായകരായ രാജീവ് രവി, അമല്‍ നീരദ്, സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്, എം.എല്‍.എമാര്‍, എന്നിവര്‍ ടൗണ്‍ഹാളില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.
തുടര്‍ന്ന് പൊലീസിന്റെ ഗാര്‍ഡ് ഓഫ് നല്‍കി സംസ്ഥാനം ആദരം അര്‍പ്പിച്ചു. ബ്രിട്ടോയുടെ ശരീരം സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനനില്‍നിന്ന് എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. പീറ്റര്‍ സി. വാഴയിലും ആര്‍.എം.ഒ ഡോ. ഗണേഷ് മോഹനും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ എം.സി. ജോസഫൈന്‍, എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍, മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, പ്രഫ. എം.കെ. സാനു, സ്വാമി അഗ്‌നിവേശ്, മന്ത്രി തോമസ് ഐസക്, എം.എല്‍.എമാരായ എസ്. ശര്‍മ്മ, ഹൈബി ഈഡന്‍, എം. സ്വരാജ്, സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ്, സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, ചലച്ചിത്രതാരം അനൂപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon