ബെംഗളൂരു: കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു എംഎല്‍എയുടെ പരിക്ക് ഗുരുതരം. മദ്യക്കുപ്പികൊണ്ട് മറ്റൊരു എംഎല്‍എയുടെ അടിയേറ്റ എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലായിരുന്നു സംഭവം. ബെല്ലാരി ജില്ലയിലെ കാംപി എംഎല്‍എ ജെ.എന്‍. ഗണേശും ആനന്ദ്‌സിങ്ങും തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടയിലാണ് മദ്യക്കുപ്പികൊണ്ടുള്ള അടിയില്‍ ആനന്ദ്‌സിങ്ങിന് പരിക്കേറ്റത്. വലതുകണ്ണിനും തോളെല്ലിനും വയറിനും പരിക്കേറ്റ ആനന്ദ് സിങിനെ ശേഷാദ്രിപുരത്തെ ആപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എംഎല്‍എമാര്‍ക്കായി കോണ്‍ഗ്രസ് വിരുന്നു സംഘടിപ്പിച്ചിരുന്നു. ഇതില്‍ മദ്യം ഉള്‍പ്പെടെ ഒരുക്കിയിരുന്നു.മദ്യലഹരിയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് ആനന്ദ്‌സിങ്ങും ഗണേശും തമ്മില്‍ കൈയാങ്കളിയില്‍ എത്തിയത്. എന്നാല്‍ എംഎല്‍എമാര്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്നാണ് ആനന്ദ്‌സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

This post have 0 komentar
EmoticonEmoticon