കൊച്ചി : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം പുരോഗമിക്കുന്നു. മനുഷ്യക്കടത്തിനായി ഇവര്‍ക്ക് യാത്രാരേഖകള്‍ തയ്യാറാക്കി നല്‍കിയത് ഒരു വനിതയാണെന്നാണ് നിലവിലെ സൂചന. എന്നാല്‍ ഇവരെ കണ്ടെത്താന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായിട്ടും മുനമ്പം വഴി ശ്രീലങ്കന്‍ സ്വദേശികളെ മത്സ്യബന്ധന ബോട്ടില്‍ വിദേശത്തേക്ക് കടത്തിയതില്‍ ഇടനിലക്കാരായ മൂന്നുപേരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരിലൊരാളായ തിരുവനന്തപുരം സ്വദേശി അനില്‍കുമാര്‍ കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഒളിവിലുളള തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ ശ്രീകാന്തന്‍, ശെല്‍വം എന്നിവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.ഇവര്‍ ബോട്ടില്‍ കാണുമെന്നാണ് നിലവിലെ സംശയം.യാത്ര പോകുന്നതായി ശ്രീകാന്തന്‍ വീട്ടില്‍ പറഞ്ഞതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം ശ്രീകാന്തന്റെ വെങ്ങാനൂരിലെ വീട്ടിലെ സിസിടിവി ക്യാമറകള്‍ കേസില്‍ നിര്‍ണായകമാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. രണ്ടു സിസിടിവി ക്യാമറകളാണ് വീട്ടില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇതിലെ ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുന്ന നടപടി പുരോഗമിക്കുകയാണ്.ഇതില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും അതോടൊപ്പം ദേശീയ ഏജന്‍സികള്‍ വഴി ഓസ്ട്രേലിയന്‍ പൊലീസിനും കൈമാറുന്നതാണ്.
സംഘത്തെ കൊച്ചിയില്‍ സഹായിച്ചവരാരൊക്കെയെന്നറിയാനും അവരെ കണ്ടെത്താനുമുളള വിശദമായ അന്വേഷണത്തിലാണ് പൊലീസ്. എന്നാല്‍ ബോട്ട് വിറ്റ ജിതിന്‍ ആന്റണിയെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വാങ്ങിയവരുടെ വ്യക്തമായ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭ്യമായിട്ടില്ല. ഇവര്‍ തന്ന രേഖ യഥാര്‍തഥമാണോയെന്നും വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം ശ്രീലങ്കക്കാരുമായി കടന്നെന്ന് കരുതുന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്താന്‍ നാവികസേനയും തീരസംരക്ഷണ സേനയും മൂന്നു ദിവസമായി തുടരുന്ന തിരച്ചില്‍ ഫലം കണ്ടില്ല. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്ക് പുറത്ത് ബോട്ട് എത്തിയിട്ടുണ്ടാകാമെന്ന് സംശയത്തിലാണ് അന്വേഷണസംഘം. തീരത്തു നിന്ന് 12നോട്ടിക്കല്‍ മൈല്‍ വരെയുളള ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കപ്പുറെ കടന്ന് അന്താരാഷ്ട്ര കപ്പല്‍ച്ചാല്‍ എത്തിയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. എന്നാല്‍ ബോട്ട് പിടികൂടാന്‍ അന്താരാഷ്ട്ര നീയമങ്ങള്‍ പാലിക്കേണ്ടി വരുമെന്നും ബോട്ടില്‍ നിന്നും വെടിവയ്പ്പോ മറ്റ് ആക്രമണങ്ങളോ ഉണ്ടായാലേ നിലവില്‍ ഇടപെടാന്‍ കഴിയുകയുള്ളൂയെന്നും നാവിക വക്താവ് അറിയിച്ചു.
This post have 0 komentar
EmoticonEmoticon