ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നു.അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ഇത് അംഗീകരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാതാകുമെന്ന് ശബരിമല പുന:പരിശോധന ഹര്‍ജിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി.
എന്നാല്‍ അത് കോടതി പരിഗണിക്കുകയുണ്ടായില്ലെന്നും സിങ്വി വ്യക്തമാക്കി. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണെന്നും സിങ്വി വാദിച്ചു. മറ്റുള്ളവര്‍ പരാമര്‍ശിച്ചതേയുള്ളൂ. വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണ്. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യഭാവം അംഗീകരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാതാകും. വേര്‍തിരിവ് ജാതിയെ അടിസ്ഥാനമാക്കിയല്ല. അതിനാല്‍ അയിത്താചാരത്തിനെതിരായ നിയമം നിലനില്‍ക്കില്ലെന്നും അഭിഷേക് സിങ്വി വാദിച്ചു.
അതേസമയം സിങ്വി ഹാജരാകുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് തടസവാദം ഉന്നയിച്ചെങ്കിലും കോടതി തള്ളി. സിങ്വി തങ്ങള്‍ക്കു വേണ്ടി നേരത്തെ ഹാജരായിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. എന്നാല്‍ താന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിനു വേണ്ടിയാണ് ഹാജരാകുന്നതെന്ന് സിങ്വി കോടതിയില്‍ അറിയിച്ചു.
വിശ്വാസത്തെ ഭരണഘടനാ ധാര്‍മ്മികത കൊണ്ട് അളക്കരുതെന്നും യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ല ക്ഷേത്രമാണെന്നും മനു അഭിഷേക് സിങ്വി വാദിച്ചു. ഇന്ത്യയില്‍ നിരവധി ആചാരങ്ങള്‍ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ച് അളക്കാന്‍ കഴിയില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല ശബരിമലയില്‍ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസൃതമായാണ്. മധുര മീനാക്ഷി ക്ഷേത്ര കേസ് നോക്കണമെന്നും സിങ്വി.
ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി. ഗിരിയാണ് വാദിച്ചത്. ശബരിമലയില്‍ യുവതികളെ തടയുന്നത് മതാചാര പ്രകാരമാണെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രതിഷ്ഠയുടെ ഭാവം പരിഗണിക്കണം. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി. ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പരപൂരകമാണ്. ഭരണഘടന പ്രകാരം ധാര്‍മികതയ്ക്ക് കൃത്യമായ നിര്‍വചനമില്ലെന്നും തന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon