എൻഡോസൾഫാൻ ദുരിത ബാധിതർ കഴിഞ്ഞ അഞ്ചു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. ദുരിതബാധിതരുടെ ആവശ്യങ്ങൾ ഏലാം അംഗീകരിക്കപ്പെട്ടതിനാലാണ് സമരം അവസാനിപ്പിച്ചതെന്ന് ദയാബായി പറഞ്ഞു. പതിനൊന്ന് പഞ്ചായത്തിൽപ്പെട്ട 1905പേരു കൂടി ഗുണഭോക്തർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഇതെല്ലാം സർക്കാർ അംഗീകരിച്ച് ഉറപ്പു നൽകിയെന്നാണ് സമരസമിതി അംഗങ്ങൾ അറിയിച്ചത്.
2017 മെഡിക്കൽ സംഘം കണ്ടെത്തിയവർക്കും ആനുകൂല്യം ലഭിക്കും. നടപടിക്ക് കളക്ടറെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചെന്നും സമരസമിതി. ഹർത്താൽ ദിനങ്ങളിൽ നഷ്ടപ്പെട്ട മെഡിക്കൽ ക്യാമ്പുകൾ ഇവർക്കായി വീണ്ടും നടത്തുമെന്നും സർക്കാർ.
ദുരിതബാധിതരായ കുട്ടികളും അമ്മമാരും ക്ലിഫ് ഹൗസിലേക്ക് നടത്തിയ സങ്കടയാത്ര പൊലീസ് തടഞ്ഞിരുന്നു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടന്നത്. ഇതിന് ശേഷമായിരുന്നു സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക ചർച്ച നടത്തയത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാണ് ഉച്ചയ്ക്ക് ഒരു മണിമുതൽ ഇവരുമായി ചർച്ച നടത്തിയത്. ചർച്ചയിൽ പങ്കെടുത്തത് ആറ് പേരാണ്. അംബികാസുതൻ മാങ്ങാട്, സമരസമിതി നേതാവ് സന്തോഷ് ദുരിതബാധിതരായ കുട്ടികളുടെ അമ്മമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു. സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സന്തോഷ് എന്നിവരും ചർച്ചയിലുണ്ടായിരുന്നു. തുടർന്ന് മൂന്ന് മണിയോടെ മുഖ്യമന്ത്രി എത്തുകയും ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതായി അറിയിക്കുകയുമായിരുന്നു. സാമൂഹ്യ പ്രവർത്തക ദയാബായി സമരപ്പന്തലിൽ പട്ടിണി സമരം തുടരുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയിൽ 1905 പേർ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവൻ പട്ടികയിൽപ്പെടുത്തുന്നത് വരെ സമരം തുടരാനായിരുന്നു സമരസമിതിയുടെ തീരുമാനം.
പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ വിള നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ അകറ്റാനായി ആകാശത്ത് തളിച്ച കീടനാശിനിയാണ് ഇവരുടെ ജീവിതത്തെ തീരാദുരിതത്തിലാഴ്‌ത്തിയത്. വിഷമഴപോലെ പെയ്തിറങ്ങി പുഴയിലൂടെയും കാറ്റിലൂടെയും മണ്ണിലൂടെയും പടർന്ന കീടനാശിനിയാണ് പിന്നീട് പല വൈകല്യങ്ങളോടും കൂടിയ കുട്ടികൾ പിറക്കാൻ കാരണമായതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon