ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്കു കടന്ന വിവാദ വജ്രവ്യാപാരി നീരവ് മോദിയെ കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍.13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി പടിഞ്ഞാറന്‍ ലണ്ടനില്‍ അത്യാഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം ലണ്ടനില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ പുതിയ ആഡംബര വില്ല പണിയുകയാണെന്നും ലണ്ടനിലെ സോഹോയില്‍ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ വീഡിയോയും പത്രം പുറത്തുവിട്ടിരുന്നു.
മോദിക്ക് ബ്രിട്ടണിലെ പെന്‍ഷന്‍ മന്ത്രാലയത്തില്‍ നിന്ന് ഇന്‍ഷുറന്‍സ് നമ്പര്‍ അനുവദിച്ചതായും ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ബ്രിട്ടനിലെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനവുമായി നീരവ് മോദിക്ക് ഇടപാടുണ്ട്. പണക്കാരായ വിദേശികള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നീരവ് മോദി ലണ്ടനില്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരിന് അറിയാമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നീരവ് മോദിയെ ലണ്ടനില്‍ കണ്ടെത്തി എന്നതുകൊണ്ടു മാത്രം അദ്ദേഹത്തെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കും എന്ന് അര്‍ഥമില്ല. ഇക്കാര്യത്തില്‍ ബ്രിട്ടന്റെ പ്രതികരണം അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon