ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള അത്‌ലറ്റ് ഗോമതി മാരിമുത്തിവിന്റെ ജീവിതം വളരെ കയ്പ്പേറിയതായിരുന്നു. ഒരുപാട് കഷ്ടതകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതം വിജയം കൈവരിച്ച വ്യക്തിയാണ് ഗോമതി. ഒരു ജീവായുസില്‍ അനുഭവിക്കേണ്ടതിലൂടെയെല്ലാം മുപ്പത് വര്‍ഷത്തിനുള്ളില്‍ കടന്നുപോയ ഗോമതിക്കായി ദോഹയിലെ ട്രാക്ക് കരുതിവെച്ചിരുന്നത് സ്വര്‍ണമാണ്.
'എനിക്ക് നല്ല ഭക്ഷണം തരാനായി കന്നുകാലികള്‍ക്ക് കൊടുക്കുന്ന ഭക്ഷണമായിരുന്നു അച്ഛന്‍ കഴിച്ചിരുന്നത്'. തമിഴ്നാട്ടില്‍ നിന്നുമുള്ള അത്‌ലറ്റ് ഗോമതി മാരിമുത്തു തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടി തിരിച്ചെത്തിയ ഗോമതി മാരിമുത്തു ചെന്നൈ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് താന്‍ ജീവിതത്തില്‍ നേരിട്ട കയ്‌പ്പേറിയ അനുവങ്ങള്‍ എല്ലാവരോടുമായി പങ്കുവെച്ചത്.
തന്റെ കരിയറില്‍ ഉയര്‍ന്ന് പറക്കുമ്പോള്‍ അത് കാണാന്‍ തന്റെ അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് ഗോമതി. 'പ്രാക്ടീസ് ചെയ്യുന്നതിനാല്‍ എനിക്ക് നല്ല പോഷാകാഹാരം വേണമായിരുന്നു. എന്നാല്‍ പലപ്പോഴും അത് ഉണ്ടാകുമായിരുന്നില്ല. എങ്കിലും അച്ഛന്‍ തനിക്കുള്ള ഭക്ഷണം മാറ്റിവയ്ക്കും. പിന്നെ അച്ഛന് കഴിക്കാന്‍ ഭക്ഷണം ഉണ്ടാകില്ല. എനിക്ക് നല്ല ഭക്ഷണം തരാന്‍ കന്നുകാലികള്‍ക്ക് കൊടുക്കുന്ന ഭക്ഷണമാണ് അച്ഛന്‍ കഴിച്ചിരുന്നത്. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. അച്ഛന്‍ ഇന്ന് ജിവിച്ചിരിക്കുന്നില്ല. അച്ഛനെ ദൈവമായിയാണ് ഞാന്‍ കാണുന്നത്'- പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗോമതി പറഞ്ഞത്.
'അച്ഛനായിരുന്നു എന്‍റെ കരുത്ത്. എന്നാല്‍ ഒരു വാഹനാപകടത്തില്‍ അച്ഛന്റെ കാലിന് സാരമായ പരിക്കേറ്റു. ഇതോടെ നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്‌കൂട്ടറുണ്ടായിരുന്നു, ടിവിഎസ് എക്‌സ് എല്‍ സ്‌കൂട്ടര്‍. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്‌കൂട്ടറായിരുന്നു ഏക രക്ഷ. ബസ് സ്‌റ്റോപ്പ് വരെ അച്ഛന്‍ ഈ സ്‌കൂട്ടറില്‍ കൊണ്ടുവിടും. അമ്മയ്ക്ക് വയ്യാണ്ടിരിക്കുമ്പോള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ അച്ഛനായിരുന്നു സഹായിച്ചിരുന്നത്'- ഗോമതി പറയുന്നു.
എന്നാല്‍ മകള്‍ വിജയിച്ചത് കാണാന്‍ മാരിമുത്തുവിന് ഭാഗ്യം ഉണ്ടായില്ല. ക്യാന്‍സര്‍ വന്ന് മാരിമുത്തു വര്‍ഷങ്ങള്‍ക്ക് മുമ്പെ മരണത്തിന് കീഴടങ്ങി.
ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവാണ് ഗോമതി മാരിമുത്തു. 800 മീറ്റര്‍ ഫൈനലില്‍ 2 മിനുട്ട് 2 സെക്കന്റില്‍ ഓടിയെത്തിയാണ് ഗോമതി വിജയം കൈവരിച്ചത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ചു വർഷമായി ബെംഗളുരുവിൽ ഇൻകം ടാക്സ് വകുപ്പിലാണു ജോലി നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതിയുടേത്. രണ്ടു മിനിട്ടിൽ താഴെ 800 മീറ്റർ ഓടിയിട്ടുള്ള കസഖ്സ്ഥാൻ താരം മാർഗരിറ്റയെയും ചൈനയുടെ വാങ് ചുൻ യുവിനെയും അട്ടിമറിച്ചാണ് ഗോമതി സ്വർണം നേടിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon