ന്യൂഡല്‍ഹി: മലേഷ്യന്‍ വിമാനം MH370യുടെ അപ്രത്യക്ഷമാകല്‍ ലോകമെമ്പാടുമുളള വിമാന യാത്രക്കാരുടെ ഭയപ്പെടുത്തുന്ന സംഭവമാണ്. എന്നാല്‍ നൂതന ടെക്‌നോളജി വരുന്നതോടെ ഇത്തരം അപ്രത്യക്ഷമാകല്‍ സംഭവിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരമൊരു സംവിധാനം ഇന്ത്യയും പരീക്ഷിക്കാന്‍ പോകുകയാണ്. അടുത്ത വര്‍ഷം ജനുവരി മുതല്‍ സമുദ്രത്തിനു മുകളിലൂടെ പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്കും ലൈവ് നിരീക്ഷണമുണ്ടാകും. ഇതിനായി എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും അമേരിക്കന്‍ കമ്പനിയായ എയ്റോണുമായും ധാരണയിലെത്തി. രാജ്യാന്തര തലത്തില്‍ സാറ്റലൈറ്റ് ഉപയോഗിച്ച് വിമാന നിരീക്ഷണ സര്‍വീസ് നല്‍കുന്ന കമ്പനിയാണ് എയ്റോന്‍ .
ഓരോ വിമാനത്തിന്റെയും കൃത്യമായ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ പുതിയ സാറ്റലൈറ്റ് ടെക്നോളജി വഴി സാധിക്കും. ഇതിന്റെ സാധ്യതകളാണ് ഇന്ത്യയും പരീക്ഷിക്കുന്നത്. ഓരോ 30 സെക്കന്‍ഡിലും വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ഡേറ്റ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഇതിനാല്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ നിരീക്ഷണിക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എടിസിക്ക് സാധിക്കും. വിമാനങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തി പെട്ടെന്ന് സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സാധിക്കും.
നവീനവും ഒപ്പം ചിലവു കുറഞ്ഞ സാറ്റലൈറ്റ് സിസ്റ്റങ്ങളും കൂടുതല്‍ സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയ ബ്ലാക് ബോക്‌സുകള്‍ ഉപയോഗിക്കുമ്പോള്‍ ഇനി ഫ്‌ളൈറ്റുകള്‍ യാത്രാരംഭം മുതല്‍ അവസാനം വരെ നിരീക്ഷിക്കപ്പെടാന്‍ കഴിയുമെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്. ഇതിലൂടെ വിമാന യാത്രയുടെ സുരക്ഷ വര്‍ധിക്കുമെന്നതു കൂടാതെ വിമാനങ്ങളുടെ കാര്യക്ഷമത ഉയരുകയും ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ പൊടുന്നനെ എല്ലാ വിമാനങ്ങളിലും അവതരിപ്പിക്കപ്പെടില്ല. അതിനു സമയമെടുത്തേക്കും. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍, റഡാറുകള്‍ , ഭൂതല സിസ്റ്റങ്ങള്‍ എന്നിവയുടെ കഴിവുകള്‍ ഒരുമിച്ചു ചേര്‍ത്താണ് തങ്ങളുടെ വ്യോമാതിര്‍ത്തി കടന്നെത്തുന്ന വിമാനങ്ങളെ നിരീക്ഷിക്കുന്നത്. ഈ സിസ്റ്റങ്ങളുടെ പരിധി പരിമിതമാണ്. കടലുകള്‍ക്കു മുകളിലൂടെയും ചില വിഷമം പിടിച്ച ഭൂപ്രകൃതിക്കു മീതെയും മറ്റും പറക്കുമ്പോള്‍ വിമാനങ്ങള്‍ പഴയ സിസ്റ്റങ്ങളുടെ കണ്ണില്‍ നിന്നു മായും. ഇതെല്ലാം താമസിക്കാതെ പഴങ്കഥയാകാന്‍ പോകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാറ്റലൈറ്റ് സിസ്റ്റങ്ങളാണ് ഇനി ഉപയോഗിക്കുക. ഇതിനാല്‍ കണ്‍ട്രോളര്‍മാരുടെ കണ്ണില്‍ നിന്നു വിമാനങ്ങള്‍ മായുന്ന പ്രശ്‌നം ഉദിച്ചേക്കില്ലെന്നാണ് കരുതുന്നത്.
സഞ്ചാരത്തിനിടെ വിമാനം അപ്രത്യക്ഷമാകുന്ന ഒരിടം പോലുമുണ്ടാവില്ലെന്നാണ് പുതിയ സിസ്റ്റം നിര്‍മിച്ച എയറിയോണ്‍ (Aireon) കമ്പനിയുടെ മേധാവി ഡോണ്‍ തോമ പറയുന്നത്. ഇറിഡിയം സാറ്റലൈറ്റ് സമൂഹങ്ങളുടെ സേവനമാണ് പുതിയ സിസ്റ്റത്തിന്റെ നട്ടെല്ല്. അടുത്ത മാസം ആരംഭിക്കുന്ന ഈ സിസ്റ്റത്തിന്റെ പരീക്ഷണ ഘട്ടത്തില്‍ സഹായിക്കുന്നത് ബ്രിട്ടനിലെയും കാനഡയിലെയും വ്യോമഗതാഗത വിഭാഗമാണ്.
മറ്റു പല രാജ്യങ്ങളും ഈ വര്‍ഷം തന്നെ പുതിയ സിസ്റ്റം ഉപയോഗിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നു പറയുന്നു. അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെ മുന്‍ ഇന്‍സ്‌പെക്ടര്‍-ജനറല്‍ മേരി ഷിയാവോ പറയുന്നത് പുതിയ സിസ്റ്റം ഒരു സമൂല മാറ്റം തന്നെ കൊണ്ടുവന്നേക്കുമെന്നാണ്.
2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേയ്ക്ക് പുറപ്പെട്ട് എംഎച്ച് 370 വിമാനമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വച്ച് അപ്രത്യക്ഷമായത്.ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ വിമാനത്തിന്റെ തിരച്ചിലിനായി അണി നിരന്നു. വിമാനത്തില്‍ 227 യാത്രക്കാരും 12 ജീവനക്കാരും ആണ് ഉണ്ടായിരുന്നത്.വിമാനം കാണാതായതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ടുപോയതാണെന്നാണ് പലരും വിശ്വസിച്ചിരുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon