ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍കിസ് ബാനോ കേസ് അന്തിമവിധി നടപ്പാക്കി സുപ്രീംകോടതി. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ, അന്ന് അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനോവിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മുഖ്യ കേസ്. ഇതില്‍ 11 പ്രതികളെ പ്രത്യേകകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ബില്‍കിസ് ബാനോ പ്രസവിച്ചെന്നും ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നതിന്റെ തെളിവാണതെന്നുമാണ് പ്രതികള്‍ വാദിച്ചത്. കുടുംബാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രതികള്‍ വാദിച്ചിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റത്തിന് അഞ്ചു പോലീസുകാരെയും രണ്ടു ഡോക്ടര്‍മാരെയും 2017 മേയ് നാലിന് ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ഇതില്‍ ഡോക്ടര്‍മാരും നാലു പോലീസുകാരും നല്‍ല്‍കിയ അപ്പീലുകള്‍ സുപ്രീംകോടതി 2017 ജൂലായ് 10-ന് തള്ളി. പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ആര്‍.എസ്. ഭഗോഡ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചത്.
ഇതിനെ തുടര്‍ന്ന് ബില്‍കിസ് ബാനോയ്ക്ക് അരക്കോടി രൂപ നഷ്ടപരിഹാരവും ജോലിയും താമസസൗകര്യവും നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നേരത്തേ വാഗ്ദാനംചെയ്ത അഞ്ചുലക്ഷം രൂപ സ്വീകരിക്കാന്‍ വിസമ്മതിച്ച ബില്‍കിസ് ബാനോ, കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തതായും അവരുടെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞതായും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബോംബെ ഹൈക്കോടതി ശിക്ഷിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനെ രണ്ട് റാങ്ക് തരംതാഴ്ത്തിയെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ബില്‍കിസ് ബാനോ നേരത്തേ ആരോപിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon