തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ സുരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടർമാർക്കും ഈ സാഹചര്യം നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. തുടർന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏപ്രിൽ 28 (മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ) ഏപ്രിൽ 29, 30 (മണിക്കൂറിൽ 40-60 കി.മീ വരെ വേഗത്തിൽ) കേരളത്തിൽ ശക്തമായ കാറ്റ് വീശുവാൻ സാധ്യത ഉണ്ട്.
കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 29,30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 /04 /2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
30/ 04/ 2019 ന് കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് എന്നി ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon