തിരുവനന്തപുരം∙ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ പ്രതികളായ 9 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച ആഭ്യന്തര വകുപ്പാണ് ഉത്തരവു പുറപ്പെടുവിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. സിഐയും എസ്‌ഐയും അടക്കം 9 പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനാണു തീരുമാനം.എറണാകുളം റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സി(ആര്‍ടിഎഫ്) ലെ അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, എം.എസ്. സുമേഷ് , എസ്‌ഐ ദീപക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, എഎസ്‌ഐമാരായ സി.എന്‍. ജയാനന്ദന്‍, സന്തോഷ് ബേബി, സിപിഒ പി.ആര്‍. ശ്രീരാജ്, ഇ.ബി. സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വിചാരണാനുമതി നല്‍കണമെന്ന് പൊലീസ് മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ കേരളാ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അടിപിടിയെ തുടര്‍ന്നു വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് 2018 ഏപ്രില്‍ 6 നു ശ്രീജിത്ത് അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുക്കുമ്പോഴും കസ്റ്റഡിയിലും പൊലീസ് മര്‍ദിച്ചതിന്റെ ഫലമായുണ്ടായ ഗുരുതര പരുക്കുകള്‍ മൂലമാണു ഏപ്രില്‍ 9 നു ശ്രീജിത്ത് മരിച്ചതെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ അനുമതി വൈകിയതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon