മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്ന് സമർത്ഥിക്കാൻ അമിക്കസ് ക്യൂറി ആശ്രയിച്ചത് പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് കണ്ടെത്തി തിരിച്ചയച്ച പഠനത്തെയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണമായ hydrology and earth system sciences (HESS) പീർ റിവ്യൂവിൽ പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് കണ്ടെത്തി തിരിച്ചയച്ച പഠനത്തെയാണ് അമിക്കസ്‌ക്യൂറി റഫറൻസിനായി ഉപയോഗിച്ചതെന്നാണ് സത്യവാങ്‌മൂലം. ഇതോടെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന അമിക്കസ്‌ക്യൂറിയുടെ വാദം സംശയ നിഴലിലായി.
അമിക്കസ് ക്യൂറി തൻ്റെ നിഗമനങ്ങളിൽ എത്താൻ ആശ്രയിച്ചിരുന്നത് പ്രധാനമായും 4 പഠനങ്ങളെ ആയിരുന്നു. അതിൽ പ്രളയത്തിൻറെ ആഘാതം വർധിപ്പിച്ചത് ഡാം മാനേജ്മെന്റിന്റെ അപാകത മൂലമാണെന്ന നിഗമനത്തിലേക്ക് അമിക്കസ് ക്യൂറിക്ക് എത്തിച്ചേരാൻ ആശ്രയിച്ചിരുന്ന ഒരേയൊരു ശാസ്ത്രീയ പഠനവും ശാസ്ത്ര ലോകം തിരിച്ചയച്ചതാണ്. തെളിവുകളോടെയാണ് സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച സത്യവാങ്‌മൂലം ഹൈക്കോടതിയെ അറിയിച്ചത്.
ഐഐടി ഗാന്ധിനഗറിലെ വിമൽ മിശ്രയും സംഘവും ശാസ്ത്ര പ്രസിദ്ധീകരണമായ hydrology and earth system sciences (HESS) ൽ പ്രസിദ്ധീകരണത്തിനായി അയച്ചു നൽകിയ പഠനത്തിന്റെ 'പീർ റിവ്യൂ' നടത്തിയ സമയത്ത് ഇത് പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കണ്ടെത്തൽ ഇത് പരിശോധിച്ച ശാസ്ത്രജ്ഞൻ പബ്ലിഷേഴ്സിനെ അറിയിച്ച ഇമെയിൽ സഹിതമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിഷയത്തിലെ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പീർ റിവ്യൂ നടത്തി പഠനം അംഗീകരിച്ച ശേഷം മാത്രമേ ഒരു ശാസ്ത്രീയ പഠനമായി പ്രസിദ്ധീകരിക്കുകയുള്ളൂ. പീർ റിവ്യൂവിന് ശേഷം പ്രസിദ്ധീകരിക്കുമ്പോൾ മാത്രമാണ് ഒരു ശാസ്ത്രീയ പഠനം ശാസ്ത്ര ലോകം അംഗീകരിക്കുകയും ശാസ്ത്രീയ പഠനം എന്ന നിർവചനത്തിലേക്ക് വരികയും ചെയ്യുന്നത്.
അമിക്കസ് ക്യൂറി കേരള സർക്കാരിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് ആശ്രയിച്ച ഏക ശാസ്ത്രീയ പഠനത്തിൻറെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതോടെ അമിക്കസ് ക്യൂറി റിപ്പോർത്തിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെടും. അമിക്കസ് ക്യൂറി ആശ്രയിച്ച മറ്റൊരു പഠനവും 'ശാസ്ത്രീയ പഠനങ്ങളുടെ' ഗണത്തിൽ വരുന്നതല്ല. Himanshu Thakkar ൻറെ Economic and Political Weekly പ്രസിദ്ധീകരിച്ച Role of Dams in Kerala’s Flood Disaster’ എന്ന ലേഖനമാണ് അമിക്കസ് ക്യൂറി ആശ്രയിച്ച മറ്റൊരു പഠനം. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി എന്നത് ശാസ്ത്ര പഠനങ്ങൾ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന ഒരു പ്രസിദ്ധീകരണമല്ല. അതിൽ ഹിമാൻഷു തക്കെർ എഴുതിയ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളെ ഒരു ശാസ്ത്രപഠനമായി എടുക്കാൻ സാധിക്കില്ല. അതൊരു വിമർശനാത്മകമായി എഴുതപ്പെട്ട നിരൂപണം മാത്രമാണ്. പൂർണ്ണമായും ശാസ്ത്രീയ പഠനം എന്ന് വിളിക്കപ്പെടാനുള്ള ഒരു മാനദണ്ഡങ്ങളും പ്രസ്തുത ലേഖനം പാലിക്കുന്നില്ല. .
ഈ രണ്ട് പഠനങ്ങളെ പ്രതിബാധിച്ചാണ് സർക്കാർ വാദങ്ങളെ തള്ളി പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് അമിക്കസ് ക്യൂറി പറഞ്ഞത്. പഠന വിദേയമാക്കിയ ശേഷിക്കുന്ന രണ്ട് പഠനങ്ങളും കേരള സർക്കാരിൻറെ വാദങ്ങളെ പൂർണമായും സാധൂകരിക്കുന്നവയാണ്. പ്രളയത്തെ കുറിച്ച് ആധികാരികമായി പഠിക്കാൻ നിയോഗിക്കപ്പെട്ട കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ടും മദ്രാസ് ഐഐടി യും അമേരിക്കയിലെ പ്രസിദ്ധമായ സാങ്കേതിക സർവ്വകലാശാലയായ Purude University യും സംയുക്തമായി നടത്തിയ പഠനത്തിന്റെ ഭാഗമായി പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ Current Science ൽ പീർ റിവ്യൂ നടത്തി പ്രസിദ്ധീകരിക്കപ്പെട്ട Dr.സുധീർ.കെ.പി യുടെയും സംഘത്തിൻറെയും ‘Role of Dams on the Floods of August 2018 in Periyar River Basin, Kerala’ എന്ന ശാസ്ത്രീയ പഠനവുമാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ അദ്ദേഹം ആശ്രയിച്ച മറ്റ് ശാസ്ത്രീയ [പഠനങ്ങൾ.
ഇവ രണ്ടും മനുഷ്യനിർമിത പ്രളയം എന്ന വാദത്തെ പൂർണ്ണമായും നിരാകരിക്കുന്നവയാണ് എന്ന് മാത്രമല്ല ഡാം ഇല്ലാതിരുന്നെങ്കിൽ കൂടി രൂക്ഷമായ പ്രളയം കേരളത്തെ ഗ്രേസിച്ചായിരുന്നേനെ എന്ന് മോഡൽ പഠനങ്ങളുടെ കൂടി സഹായത്തോടെ സാധൂകരിക്കുന്നവയാണ്.
ദേശീയ ദുരന്ത നിവാരണ രേഖകളുടെ ദുർവ്യാഖ്യാനമുൾപ്പെടെ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വരുത്തിയിരിക്കുന്ന സാങ്കേതിക പിഴവുകൾ അനവധിയാണ്. കേന്ദ്ര സർക്കാരിൻറെ ചുമതലകൾ പോലും സംസ്ഥാന സർക്കാരിൻറെ വീഴ്ചയായിട്ടാണ് അമിക്കസ് ക്യൂറി അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. കേരളത്തിലെ ഡാമുകൾ എങ്ങനെയാണ് ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന സാങ്കേതിക പരിജ്ഞാനം ആ റിപ്പോർട്ടിൽ ഇല്ല എന്ന് തുറന്ന് കാണിക്കുന്നത് കൂടിയാണ് സംസ്ഥാന സർക്കാരിന്റെ മറുപടി സത്യവാങ്മൂലം.
ദേശീയ ജലനയത്തിൽ 2002 ൽ മാത്രം നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ അതിനും എത്രയോ കാലം മുന്നേ നിർമ്മിക്കപ്പെട്ട ഡാമുകൾ ഡിസൈൻ ചെയ്യാവൂ എന്ന തരത്തിലാണ് അമിക്കസ് ക്യൂറി സർക്കാരിനെതിരെ ഉന്നയിച്ചരിക്കുന്ന ആക്ഷേപം. കേരളത്തിലെ ഡാമുകളിൽ ചെളി നീക്കം ചെയ്യാനുള്ള സാങ്കേതിക സൗകര്യം ഉണ്ടോ എന്ന് പഠിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. കേരളത്തിലെ ഡാമുകൾ വെള്ളപ്പൊക്ക നിയന്ത്രണത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടവയല്ലെങ്കിലും അവ വെള്ളപ്പൊക്ക നിയന്ത്രണത്തിന് എങ്ങനെ സഹായിച്ചു എന്ന് പഠിക്കാതെയുള്ള വിമർശനമാണ് അമിക്കസ് ക്യൂറി നടത്തിയത്. ഓരോ ഡാമിലെയും inflow യും outflow യുടെയും കണക്ക് സഹിതമാണ് സർക്കാർ സത്യവാങ്മൂലത്തിലൂടെ അമിക്കസ് ക്യൂറിയുടെ വാദങ്ങളെ ഖണ്ഡിക്കുന്നത്. വസ്തുതകളും അമിക്കസ് ക്യൂറി റിപ്പോർട്ടും തമ്മിലുള്ള അന്തരം തുറന്ന് കാട്ടുന്നതാണ് യഥാർത്ഥത്തിൽ സർക്കാരിന്റെ മറുപടി.
ചില രേഖകളെ അമിക്കസ് ക്യൂറി തൻ്റെ റിപ്പോർട്ടിൽ ദുർവ്യാഖ്യാനം ചെയ്തതായും സർക്കാർ ചൂണ്ടി കാണിക്കുന്നു. കേരളത്തിലെ ഡാമുകളുടെ പ്രവർത്തനം BIS (ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്) അനുസരിച്ചുള്ളതായിരുന്നില്ല അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കേരളത്തിലെ ഡാമുകളെ സംബന്ധിച്ചുള്ള സ്റ്റാൻഡേർഡ്‌സ് നൽകിക്കൊണ്ട് അവ പൂർണമായും പാലിക്കപ്പെട്ടിരുന്നുവെന്നും അമിക്കസ് ക്യൂറി യഥാർത്ഥത്തിൽ BIS സ്റ്റാൻഡേർഡ്‌സിനെ ദുർവ്യഖ്യാനം നടത്തുകയാണുണ്ടായത് എന്നുമാണ് സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരിക്കുന്നത്.
2016 ൽ മാത്രം കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ച സമഗ്രമായ എമെർജൻസി ആക്ഷൻ പ്ലാൻ കേരളത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു പ്രധാന ആക്ഷേപം. കേരളത്തിലെ 20 ഡാമുകളിൽ എമർജൻസി ആക്ഷൻ പ്ലാനുകൾ പൂർത്തീകരിച്ച് CWC ക്ക് സമർപ്പിച്ചു കഴിഞ്ഞതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സമഗ്രമായ എമർജൻസി ആക്ഷൻ പ്ലാൻ അതിൻറെ നിർമാണ ഘട്ടത്തിൽ ആയിരുന്നെങ്കിലും കൃത്യമായി പ്ലാനിലേക്കായി നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെയാണ് കേരളത്തിലെ ഡാമുകളുടെ പ്രവർത്തനം നടത്തിയത്. ആ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിവിധ അലെർട്ടുകൾ ഉൾപ്പെടെ കാലേക്കൂട്ടി തീരുമാനിച്ചതും അവ അത് പോലെ തന്നെ നടപ്പിലാക്കിയതും. ശേഷം പെയ്ത പേമാരി മഹാപ്രളയത്തിലേക്ക് നയിച്ചപ്പോൾ സംസ്ഥാനം നടത്തിയ രക്ഷാപ്രവർത്തനത്തെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ദേശീയ-അന്തർദേശീയ ഏജൻസികൾ വരെ പ്രകീർത്തിച്ച കാര്യവും സർക്കാർ കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു.
flood control zone, rule curve തുടങ്ങിയ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വിഷയങ്ങൾക്കുള്ള മറുപടിയും സത്യവാങ്മൂലത്തിൽ ഉണ്ട്. കേരളത്തിലെ ഡാമുകളുടെ flood control zone കളെ കുറിച്ചും rule curve ഏത് തരം ഡാമുകൾക്ക് എന്തിൻറെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്നതാണെന്നും അവയെല്ലാം ഓഗസ്റ്റിൽ പെയ്ത അതിതീവ്ര മഴയിൽ എത്ര പ്രസക്തമായിരുന്നു എന്നതും ശാസ്ത്രീയമായും സാങ്കേതികപരമായും സർക്കാർ വിശദീകരിക്കുന്നു.
അമിക്കസ് ക്യൂറി പഠനവിധേയമാക്കേണ്ടിയിരുന്ന ഭൗമശാസ്ത്രപരമായ ഘടകങ്ങളെ കൂടി മറുപടിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്. കൂടാതെ പ്രളയ മാനേജ്മെന്റും ഡാം മാനേജ്മെന്റും രണ്ട് വ്യത്യസ്തമായ ഓപ്പറേഷൻസ് ആണെന്ന് റിപ്പോർട്ടിൽ പലയിടത്തും അദ്ദേഹം വിസ്മരിച്ചു കൊണ്ട് തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നുണ്ട്. ഇത് രണ്ടും തമ്മിലെ വ്യത്യാസവും ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസികളും ദുരന്ത നിവാരണ നിയമവും 2016 ലെ ആസൂത്രണ രേഖയും സംസ്ഥാനം സ്വീകരിക്കേണ്ടതെന്ന് നിർദ്ദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ പൂർണ്ണമായും സംസ്ഥാന സർക്കാർ ഈ വിഷയങ്ങളിൽ പാലിച്ചിരുന്നു എന്നതും സർക്കാർ വ്യക്തമാക്കുന്നു.
flood forecasting എന്നത് സംസ്ഥാന സർക്കാരിന്റെ ചുമതലയല്ലെന്നും അത് cwc യുടെ നിയന്ത്രണത്തിൽ വരുന്നതാണെന്നും അത് സംബന്ധിച്ചുള്ള അവരുടെ വിശദീകരണം പരിഗണിക്കാതെ കേരളത്തിൻറെ ചുമലിൽ അതും കെട്ടിവെക്കുന്ന തരത്തിലെ റിപ്പോർട്ടിനുള്ള മറുപടിയും സർക്കാർ നൽകിയിട്ടുണ്ട്. തീർത്തും വസ്തുതാ വിരുദ്ധമായ തരത്തിൽ ഡാമുകൾ ഒരുമിച്ച് തുറന്ന് വിട്ടുവെന്ന അദ്ദേഹത്തിൻ്റെ കണ്ടെത്തലിന് ഓരോ ഡാമും തുറന്നതിൻറെ തീയതി ഉൾപ്പെടെയുള്ള വസ്തുതകൾ നിരത്തി സർക്കാർ മറുപടി പറയുന്നു. കേന്ദ്ര കാലാവസ്ഥ ഏജൻസിയെ മാത്രം ആശ്രയിക്കരുതായിരുന്നു എന്ന ആക്ഷേപത്തിനും കേന്ദ്ര സർക്കാരിൻറെ ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളാണ് പതിറ്റാണ്ടുകളായി കേരളത്തിലെ ഡാം ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നത് എന്നും ഉത്തരവാദിത്വത്തോട് കൂടി ഈ ചുമതല നിർവഹിക്കാൻ രാജ്യത്ത് ഏൽപ്പിക്കപ്പെട്ട ഏജൻസി IMD ആണെന്നും സർക്കാർ ചൂണ്ടി കാണിക്കുന്നു. imd യുടെ ദീര്ഘകാല പ്രവചനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡാം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതെന്നും രേഖകൾ സഹിതം കോടതിയെ അറിയിച്ചിരിക്കുന്നു.
അമിക്കസ് ക്യൂറി റിപ്പോർട്ടിലെ മുഴുവൻ ആക്ഷേപങ്ങൾക്കും സത്യവാങ്മൂലത്തിൽ അക്കമിട്ട് നിരത്തി സർക്കാർ മറുപടി നൽകുന്നുണ്ട്. ഈ വാദങ്ങളെ കോടതി കൂടി അംഗീകരിച്ചാൽ അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട് തന്നെ അപ്രസക്തമായി മാറും. അമിക്കസ് ക്യൂറി റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതിപക്ഷ പാർട്ടികളും മറ്റും പ്രളയം സർക്കാരിന്റെ വീഴ്ചയായി കണ്ട് വിമർശനവുമായി രംഗത്തെത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon