തിരുവനന്തപുരം: പ്രളയാനന്തരകാലത്തെ കെ.എഫ്.സിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രളയാനന്തര ഇടപെടൽ കെ. എഫ്. സിയുടെ മനുഷ്യത്വ മുഖത്തിന് പ്രത്യക്ഷ തെളിവാണ്. ഇത് ഇടപാടുകാരല്ലാത്ത വലിയൊരു വിഭാഗത്തിലും മാറ്റം പ്രതിഫലിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച കെ.എഫ്.സി വാർഷിക കോൺക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലിശയുടെ കാര്യത്തിൽ വലിയ കുറവ് വരുത്താൻ കെ. എഫ്. സിക്ക് സാധിച്ചു. കെ. എഫ്. സിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയെന്നതാണ് പ്രധാനം. പരസ്പരബന്ധം വളർത്താനായാൽ തന്നെ വലിയ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മികച്ച വ്യവസായികൾക്കുള്ള അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു.
കേരളത്തിലെ ചെറുകിട വ്യവസായ രംഗമാണ് വളരെ വേഗം വളർച്ച കൈവരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ഇതിലാണ് കേരളത്തിന്റെ ഭാവി കുടികൊള്ളുന്നത്.
സർക്കാരിനെ സംബന്ധിച്ച് കെ. എഫ്. സി വരുമാനമുണ്ടാക്കാനുള്ള സ്ഥാപനമല്ല. കഴിഞ്ഞ വർഷം 724 കോടി രൂപയുടെ വായ്പയാണ് കെ. എഫ്. സി നൽകിയത്. ഈ വർഷം അത് 1645 കോടിയായി. അടുത്ത വർഷം 2500 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാൻ സ്ഥാപനത്തിന് കഴിയണം.
കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. പഴയ വികസന രീതിയിൽ നിന്ന് മാറാൻ കേരളത്തിന് സാധിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, കെ. എഫ്. സി സി. എം. ഡി സഞ്ജീവ് കൗശിക്ക്, ആനത്തലവട്ടം ആനന്ദൻ, കെ. എഫ്. സി ഇ. ഡി പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon