ന്യൂഡല്‍ഹി: ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗൌതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായിമായി എ.എ.പി സ്ഥാനാര്‍ഥി അതിഷി. ഗംഭീര്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നാണ് പരാതി. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ അതിഷി പലതവണ പൊട്ടിക്കരഞ്ഞു.
ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന എതിര് സ്ഥാനാര്‍ഥി ഗംഭീറിന്റെ നിര്‍ദേശാനുസരണം മോശം പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ മണ്ഡലത്തില്‍ വിതരണം ചെയ്തതായാണ് ആരോപണം. വാര്‍ത്താ സമ്മേളനത്തില്‍ അതീഷി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഘുലേഖ നല്കി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അതീഷിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ലഘുലേഖയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പട്ടിയായും അതീഷിയെ വ്യഭിചാരിയായും ആണ് ചിത്രീകരിക്കുന്നത്.
ഒരു സ്ത്രീക്കും സഹിക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങളാണ് ലഘുലേഖയിലുള്ളതെന്ന് അതിഷി പറഞ്ഞു. ജാട്ട്- പഞ്ചാബി മാതാപിതാക്കളുടെ മകളായ അതിഷി സങ്കരയിനമാണെന്നും അവർ വിവാഹം ചെയ്തത് ആന്ധ്ര സ്വദേശിയായ ക്രിസ്ത്യാനിയെ ആണെന്നും ലഘുലേഖയിൽ പറയുന്നു. എ.എ.പി നേതാവ് മനീഷ് സിസോദിയയെയും അതിഷിയെയും ചേർത്തും മോശം പരാമർശങ്ങളുമുണ്ട്. ഭർത്താവ് ഉപേക്ഷിച്ച ശേഷം അതിഷിയെ സംരക്ഷിക്കുന്നത് സിസോദിയയാണെന്നും അതിഷിയെപ്പോലുള്ള ഒരാൾക്ക് വിലയേറിയ വോട്ടുകൾ നൽകണമെന്നോ എന്നും ലഘുലേഖയില്‍ ചോദിക്കുന്നു.
ഗംഭീര്‍ ഇത്രയും തരംതാഴുമെന്ന് കരുതിയില്ലെന്ന് കേജരിവാള്‍ ട്വീറ്റ് ചെയ്തു. ഇത്തരം മനോഭാവമുള്ള ആളുകള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷിതത്വം പ്രതീക്ഷിക്കാമെന്നും കേജരിവാള്‍ ട്വീറ്റില്‍ പറഞ്ഞു.
എന്നാല്‍ ആരോപണം ഗംഭീര്‍ നിഷേധിച്ചു. താനാണ് ഇത് ചെയ്തതെന്ന് തെളിയിച്ചാല്‍ തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തയാറാണ്. എന്നാല്‍ തെളിയിക്കാനായില്ലെങ്കില്‍ നിങ്ങള്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon