ലോകകപ്പില്‍ വിജയ തുടര്‍ച്ചയുമായി മുന്നേറുന്ന ടീം ഇന്ത്യ സെമി ഉറപ്പിക്കാന്‍ ഇന്ന് ഇംഗ്ലീഷ് ടീമിനെതിരെ ഇറങ്ങും. എന്നാല്‍ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പാക്കിസ്ഥാന്‍ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇന്ത്യക്കെതിരെ ജയിക്കാതെ നിവര്‍ത്തിയില്ല എന്നായിരിക്കുകയാണ്. ഇന്ത്യയോട് തോറ്റാല്‍ ലോകകപ്പ് ഫേവറൈറ്റുകളായി എത്തിയ ഇംഗ്ലണ്ടിന് സെമി കാണാതെ മടങ്ങേണ്ടിവരും. ടൂര്‍ണമെന്റില്‍ ഇതാദ്യമായി ഓറഞ്ച് ജേഴ്സിയില്‍ ആയിരിക്കും ടീം ഇന്ത്യ ഇറങ്ങുക. ഇന്ത്യയെ സംബന്ധിച്ച് ടൂര്‍ണമെന്റില്‍ പരാജയം വഴങ്ങാതെയുള്ള ടീമിന്‍റെ കുതിപ്പാണ് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ അഫ്ഗാനെതിരെയും വെസ്റ്റിന്‍ഡിസിനെതിരെയും ബാറ്റിംഗ് നിരയ്ക്ക് താളം തെറ്റിയത് വെല്ലുവിളിയാണ്. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പോയതിന്റെ വിടവ് പ്രകടമാണ്. പകരക്കാരനായി കെ.എല്‍ രാഹുല്‍ ഇറങ്ങിയെങ്കിലും ശരാശരി പ്രകടനത്തില്‍ കവിഞ്ഞതൊന്നും താരത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നില്ല.
നാലാം നമ്പറില്‍ വിജയ് ശങ്കര്‍ പരാജയപ്പെടുമ്പോള്‍ ഋഷഭ് പന്തിന് അവസരം നല്‍കണമെന്ന ആവശ്യം ഒരു ഭാഗത്തുണ്ട്. എന്നാല്‍ ശങ്കറിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തിയതോടെ പന്തിറങ്ങുന്ന കാര്യത്തില്‍ സംശയമാണ്. കഴിഞ്ഞ ദിവസം രവിശാസ്ത്രിയുടെ നിരീക്ഷണത്തില്‍ പന്ത് പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഓപ്പണിംഗില്‍ രോഹിത് ശര്‍മ കെ എല്‍ രാഹുല്‍ സഖ്യം തന്നെ തുടരും. മികച്ച തുടക്കങ്ങള്‍ വലിയ സ്‌കോറാക്കി മാറ്റുന്നില്ല എന്നാണ് രാഹുലിനെതിരായ മറ്റൊരു വിമര്‍ശനം. വിരാട് കോഹ്ലി വണ്‍ ഡൗണായി എത്തുമ്പോള്‍ നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. തുടക്കം മുതല്‍ ടീമിലുള്ള ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കാതെ പകരക്കാരനായി എത്തിയ ഋഷഭ് പന്തിന് അവസരം നല്‍കിയാല്‍ അതിനെതിരെ വിമര്‍ശനമുയര്‍ന്നേക്കാം. അഞ്ചാമനായി ധോണിയും ആറാമനായി കേദാര്‍ ജാദവും തന്നെ തുടരാനാണ് സാധ്യത. ഏഴാം നമ്പറില്‍ ഹര്‍ദ്ദിക് പാണ്ഡ്യ തന്നെ തുടരും.
ഭുവനേശ്വര്‍ കുമാര്‍ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും പേസ് ബൗളര്‍മാരായി മികച്ച ഫോമിലുള്ള ഷമിയും ബൂമ്രയും തന്നെയാകും ഇന്ത്യയുടെ ആയുധങ്ങള്‍. സ്പിന്നര്‍മാരായി കുല്‍ദീപും ചാഹലും തുടരും.ലോകകപ്പില്‍ ആകെ 7 തവണയാണ് ഇന്ത്യ-ഇംഗ്ലണ്ട് നേരിട്ട് ഏറ്റുമുട്ടിയത്. 3 വീതം കളികള്‍ ഇരു ടീമുകളും ജയിച്ചപ്പോള്‍ ഒരു കളി ടൈ ആവുകയായിരുന്നു. ബോളിംഗ് സൌഹൃദമാണ് എജ്ബാസ്റ്റണിലെ പിച്ച്. നേരത്തെ നടന്ന കീവീസ്-പാക്കിസ്താന്‍ മത്സരത്തില്‍ 250 റണ്ണില്‍ കൂടുതല്‍ ഇരു ടീമുകള്‍ക്കും സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബൌളിംഗ് നിര ഈ സാഹചര്യത്തെ മുതലക്കും എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. ഇന്നത്തെ കളിയുടെ മറ്റൊരു പ്രത്യേകത ഇന്ത്യ ജയിക്കേണ്ടത് 3 ടീമുകളുടെ ആവശ്യമാണ് എന്നുള്ളതാണ്. പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളുടെ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ജയിക്കുക തന്നെ വേണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon