ജയ്പുർ : ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കലുഷിതമായി രാജസ്ഥാൻ കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്ന ആവശ്യവുമായി വിവിധ കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തി. ഗെലോട്ടിനു ജനങ്ങൾക്കിടയിലെ സ്വാധീനം നഷ്ടമായെന്നും ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന് അധികാരം കൈമാറണമെന്നുമാണ് എംഎൽഎമാരുടെ അഭിപ്രായം.
‘നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേക്ക് നയിച്ച പിസിസി പ്രസിഡന്റാണ് സച്ചിൻ. ചെറുപ്പകാരനായ മുഖ്യമന്ത്രിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.’ – ടോഡഭീമിൽ നിന്നുള്ള എംഎൽഎയായ പൃഥ്വിരാജ് മീണ പറഞ്ഞു. ജാതി സമവാക്യങ്ങൾക്കു നിർണായക സ്വാധീനമുള്ള സംസ്ഥാന രാഷ്ട്രീയത്തിൽ ജാട്ട്, ഗുജ്ജർ സമുദായങ്ങളെ ഒന്നിച്ചുനിർത്താൻ ഗെലോട്ടിന് ഇനി സാധിക്കുമെന്നു കരുതുന്നില്ലെന്നും മീണ സമുദായത്തിൽ നിന്നുള്ള പൃഥ്വിരാജ് പറഞ്ഞു. മന്ത്രിമാരായ രമേശ് മീണ, ഉദയ് ലാൻ അഞ്ജന എന്നിവരും ഗെലോട്ടിനെതിരെ രംഗത്തെത്തി.
രാജസ്ഥാനിലെ ജോധ്പുരിൽ മകൻ വൈഭവ് തോറ്റതിന്റെ ഉത്തരവാദിത്തം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അശോക് ഗെലോട്ട് പറഞ്ഞിരുന്നു. ജോധ്പുരിൽ 2.7 ലക്ഷം വോട്ടിനാണു വൈഭവ് തോറ്റത്. ഉത്തരവാദിത്തം സച്ചിൻ ഏറ്റെടുക്കണമെന്നു ഗെലോട്ട് ആദ്യം ആവശ്യപ്പെട്ടെങ്കിലും ചിന്തിക്കാൻ പോലുമാവാത്ത തോൽവിയാണു സംഭവിച്ചതെന്നും സച്ചിനും തനിക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും പിന്നീട് വിശദീകരിച്ച് വിവാദം തണുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200ൽ 100 സീറ്റും നേടിയാണ് സംസ്ഥാനത്ത് വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തിയത്. പാർട്ടിയെ മുന്നിൽ നിന്നു നയിച്ച സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തിയിരുന്നെങ്കിലും പാർട്ടിയിലും വോട്ടർമാർക്കിടയിലും ഒരേപോലെ സ്വീകാര്യനായ ആൾ തന്നെ മുഖ്യമന്ത്രിയായില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വാദമുന്നയിച്ചാണ് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം വാങ്ങിച്ചെടുത്തത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ സാധിക്കാതെ പോയതോടെയാണ് ഭിന്നതകൾ വീണ്ടും രൂക്ഷമായത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon