ന്യൂഡല്‍ഹി: അവസാന നിമിഷം വരെ സസ്‌പെന്‍സ് നിറഞ്ഞ ക്ലൈമാക്സിലൂടെയാണ്  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രണ്ടാം മോദി സര്‍ക്കാരിന്റെ ഭാഗമായത്. സത്യപ്രതിജ്ഞ ചെയ്ത ശേഷവും ആ സസ്‌പെന്‍സ് നിലനിന്നു. ഏതുവകുപ്പായിരിക്കുമെന്നതായിരുന്ന ആ സസ്‌പെന്‍സ്. അതിനും ഉത്തരമായിരിക്കുന്നു. അമിത് ഷായാണ് പുതിയ ആഭ്യന്തരമന്ത്രി.
അരുണ്‍ജെയ്റ്റ്‌ലി ഒഴിഞ്ഞ ധനവകുപ്പിലേക്കായിരിക്കും അമിത് ഷായെന്നായിരുന്നു ആദ്യം ലഭിച്ച സൂചന. ധനമന്ത്രി പാര്‍ട്ടി നേതൃത്വത്തിന്റെ ചുമതലകൂടി കൈകാര്യം ചെയ്യുമെന്ന ആഭ്യൂഹവുമുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിക്ക് അത് ഒരിക്കലും സാധ്യമല്ല. അപ്പോള്‍ രാജ്യത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന പദവിയില്‍ നിന്ന് സര്‍ക്കാരിലെ ഒരു വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയായി അമിത് ഷാ എത്തിയത് എന്തുകൊണ്ടാണ്. ചില കണക്ക് കൂട്ടലുകളുടെ അടിസ്ഥാനത്തില്‍ തന്നെയെന്നു വ്യക്തം. അത് ബിജെപിയുടെ മാത്രം കണക്ക് കൂട്ടലല്ല. ബിജെപിയെ നിന്ത്രിക്കുന്ന സംഘപരിവാറിന്റെ  കൂടി കണക്കുകളുണ്ട് ഈ തീരുമാനത്തിന് പിന്നിലെന്ന് തന്നെ സംശയിക്കണം.
സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വരുതിയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഒന്നാം മോദി സര്‍ക്കാരിനെതിരെയും ഉയര്‍ന്നിരുന്നു. രാജ്‌നാഥ്‌സിങായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. രാഷ്ട്രീയപക പോക്കല്‍ എന്ന ആയുധം ഒരിക്കലും എടുത്തു പ്രയോഗിക്കാത്ത നേതാവെന്ന പ്രതിഛായയുള്ള ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാജ്‌നാഥ്. എന്നാല്‍ പാര്‍ട്ടികാര്യത്തില്‍ അണുവിട വ്യതിചലിക്കാത്ത അമിതഷായ്ക്ക് അങ്ങനെയൊരു പ്രതിഛായയല്ല ഉള്ളത്. അതുകൊണ്ട് തന്നെ ആഭ്യന്തരമന്ത്രി അമിത്ഷായെ ചില സംസ്ഥാന സര്‍ക്കാരുകളും അവയെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഭയക്കുകതന്നെവേണം.
ആ കരുതല്‍ ഏറ്റവും അധികം വേണ്ടി വരിക ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളില്‍ എത്തിയ അമിത് ഷായ്ക്ക് നേരിടേണ്ടി വന്നതും പിന്നീട് ബംഗാളില്‍ നടന്നതും മറക്കാറായിട്ടില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടക്കം ചുതമലയുള്ള ആഭ്യന്തരമന്ത്രിക്ക് ശാരദ, റോസ് വാലി ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ചില തെളിവുകളെങ്കിലും പൊടിതട്ടിയെടുക്കാന്‍ അത്ര ബുദ്ധിമുട്ടേണ്ടി വരില്ലെന്നോര്‍ക്കണം.
ശാരദ റോസ് വലി ചിട്ടി തട്ടിപ്പുകള്‍ മമതയ്ക്ക് തലവേദനയായിട്ട് നാള്‍ ഏറെയായി. ഈ കേസില്‍ മമത ബാനര്‍ജിയുടെ പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ പണ്ട് സിബിഐ വന്നത് പോലെയാകില്ല ഇനി എത്തുക. ബംഗാള്‍ പട്ടികയില്‍ ഒന്നാമതാണെങ്കില്‍ അധികം താഴെയല്ലാതെ കേരളവുമുണ്ടാകും. വൈകിട്ട് തിരിച്ചെത്തുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ രാവിലെ വീടുവിട്ടിറങ്ങുന്നതെന്ന് പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പിനിടെ പല തവണ ചൂണ്ടികാട്ടയതാണ്. പ്രധാനമന്ത്രിയുടെ ആ വാക്കുകളും ആഭ്യന്തരമന്ത്രിയായി അമിത് ഷാ തന്നെ എത്തിയതും പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല. ഒപ്പം സ്‌കെച്ചിട്ടുള്ള ആക്രമങ്ങള്‍ ഇനി കൈയ്യുംകെട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോക്കി ഇരിക്കുകയുമില്ല.
കോണ്‍ഗ്രസിന് ഇപ്പോഴും വേരുകളുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകത്തിനും അമിത് ഷായെന്ന ആഭ്യന്തരമന്ത്രിയെ കരുതിയിരിക്കേണ്ടി വരും. ബിജെപി മൂന്ന് തവണ നടത്തിയ അട്ടിമറി ശ്രമം നടത്തി പരാജയപ്പെട്ട സംസ്ഥാനമാണ് കര്‍ണാടകം. ഇനിയൊരു ശ്രമമുണ്ടായാല്‍ അത് പാര്‍ട്ടി അധ്യക്ഷനായ അമിതഷായുടെയല്ല ആഭ്യന്തരമന്ത്രിയായ അമിത്ഷായുടെ ആലോചനയുടെ കരുത്താകും ഒപ്പമുണ്ടാകുക.

 

This post have 0 komentar
EmoticonEmoticon