ന്യൂഡൽഹി: വിദ്യാലയങ്ങളിൽ ഹിന്ദി നിർബന്ധമാക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. സ്കൂളുകളിൽ ഹിന്ദി വിദ്യാഭ്യാസം നിർബന്ധമാക്കിക്കൊണ്ടുളള പുതിയ കരട് വിദ്യാഭ്യാസ നയം കഴിഞ്ഞ ദിവസം സർക്കാരിന് കൈമാറിയിരുന്നു. കൃഷ്ണസ്വാമി കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഈ നയത്തിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്.
പുതിയ നീക്കത്തിനെതിരെ ഏറ്റവും കൂടുതൽ വിമർശനവുമായെത്തിയത് തമിഴ്നാടാണ്. തമിഴരുടെ രക്തത്തിൽ ഹിന്ദിക്ക് സ്ഥാനമില്ലെന്നാണ് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ പ്രതികരിച്ചത്. ത്രിഭാഷ പദ്ധതിയിലൂടെ ഹിന്ദി പഠനം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും എതിർപ്പ് ശക്തമായ സാഹചര്യത്തിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സമിതിയുടെ നിർദേശം മാത്രമാണ് എത്തിയതെന്നും സർക്കാർ പോളിസിയല്ല ഇതെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പൊതുജനങ്ങളുടെ പ്രതികരണം കൂടി അറിഞ്ഞ ശേഷം സംസ്ഥാന സർക്കാരുകളുമായി ആലോചിച്ചശേഷം മാത്രമാകും അന്തിമ തീരുമാനം എന്നും മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്കറും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മോദി സർക്കാർ എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും പ്രചാരണത്തിന് ഊന്നൽ നൽകുന്നുണ്ട്. NEP കമ്മിറ്റി ഇപ്പോള്‍ സമർപ്പിച്ചിരിക്കുന്നത് ഒരു ശുപാര്‍ശ മാത്രമാണ്. ഇതുവരെ സര്‍ക്കാർ നയമായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു പ്രത്യേക ഭാഷ പ്രചരിപ്പിക്കാൻ സർക്കാരിന് ഒരു ഉദ്ദേശവുമില്ലെന്നും പുതിയ നയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലും പ്രതികരിച്ചത്. ' സംസ്ഥാന സർക്കാരുകൾക്ക് തെറ്റായ വിവരമാണ് ലഭിച്ചത്. കൂടാതെ ഒരു പ്രദേശത്തും ഒരു പ്രത്യേക ഭാഷ അടിച്ചേൽപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒരു കരട് നയമാണ് തയ്യാറാക്കിയത്.. അതിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്.. അതിനു ശേഷമാകും തുടർ ചർച്ചകൾ..' പൊഖ്രാൽ വ്യക്തമാക്കി

This post have 0 komentar
EmoticonEmoticon