ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18 ഓടെ പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബര്‍ 18 ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇതിനു ശേഷം അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒക്ടോബര്‍ പതിനെട്ടോടെ വാദം പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാം. ആവശ്യം വരികയാണെങ്കില്‍ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ അധിക സമയവും വാദം കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.- ഗോഗൊയ് പറഞ്ഞു. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ നടക്കുന്നതിനോടൊപ്പം തന്നെ മധ്യസ്ഥ ചര്‍ച്ചകളും തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മധ്യസ്ഥ ചര്‍ച്ച തുടരാനുള്ള അനുമതി തേടിക്കൊണ്ട് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ അധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, മധ്യസ്ഥ നടപടികള്‍ തുടരാമെന്നും അത് ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങളെ ബാധിക്കുകയില്ലെന്നും വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങളിലൂടെ സൗഹാര്‍ദ്ദപരമായ തീരുമാനത്തിലെത്താന്‍ സാധിച്ചാല്‍ അക്കാര്യം സുപ്രീംകോടതിയെ അറിയിക്കാമെന്നും ഭരണഘടനാ ബെഞ്ച് പറഞ്ഞു.
നവംബര്‍ 17 നോ അതിനു മുമ്പുള്ള ദിവസങ്ങളിലോ കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നവംബര്‍ 17 നാണ് ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിനു മുമ്പ് കേസിന്റെ വിധി പ്രസ്താവം നടന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ച് ആദ്യം മുതല്‍ കേള്‍ക്കേണ്ടി വരും. അതിനാല്‍തന്നെ കേസില്‍ വിധി നവംബര്‍ മധ്യത്തോടെ പുറത്തെത്താനാണ് സാധ്യത.
This post have 0 komentar
EmoticonEmoticon