ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന് ആത്മപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. നേതാവിന്‍റെ അഭാവത്തെക്കുറിച്ചുള്ള സല്‍മാന്‍ ഖുര്‍ഷിന്‍റെ വാക്കുകളോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കോണ്‍ഗ്രസിന് ആത്മപരിശോധന വളരെ അത്യാവശ്യമായി വന്നിരിക്കുന്നുവെന്ന് സിന്ധ്യ പറഞ്ഞത്.
''മറ്റുള്ളവര്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ ഞാനില്ല. പക്ഷേ കോണ്‍ഗ്രസിന് ആത്മപരിശോധന അത്യാവശ്യമാണെന്നത് സത്യമാണ്.'' - ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെന്ന നിലയില്‍ മധ്യപ്രദേശ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദവിയാണ് സിന്ധ്യയുടെ ലക്ഷ്യമെന്നാണ് നിരീക്ഷണം.
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതല നല്‍കാത്ത പക്ഷം സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ രണ്ടുമാസമായി നിലനില്‍ക്കുന്നുണ്ട്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ തീരുമാനത്തെ സിന്ധ്യ പിന്തുണച്ചത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിന് പോയതില്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ട്. എന്നാല്‍ ഗാഹുലിനെതിരായ വ്യക്തിഹത്യ കേസ് സൂറത്ത് കോടതി പരിഗണിക്കുന്ന വ്യാഴാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുലിന്‍റെ ഇറങ്ങിപ്പോക്ക് പാര്‍ട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്നാണ് ഖുര്‍ഷിദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഭാവി തന്നെ അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനുള്ള സാധ്യതയില്ലെന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ വിലയിരുത്തല്‍. ഭാവി സുസ്ഥിരമാക്കാന്‍ പാര്‍ട്ടി പൊരുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും കഴിയാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ബലക്ഷയത്തിനു കാരണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ രാഹുലിന് അമര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്. പിന്നീട് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. രാഹുല്‍ അവശേഷിപ്പിച്ച ശൂന്യത പരിഹരിക്കാന്‍ സോണിയ ശ്രമിക്കുന്നുണ്ടാകാം. എങ്കിലും, ആ ശൂന്യത അതേപോലെ നിലനില്‍ക്കുകയാണെന്ന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് പാര്‍ട്ടി പരാജയപ്പെട്ടു എന്ന് ഇനിയും തങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. നേതാവ് ഇറങ്ങിപ്പോയതാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 542 സീറ്റുകളില്‍ 52 എണ്ണത്തില്‍ വിജയിക്കാനേ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നുള്ളു. 2019 മേയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഈ മാസം 21നാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. താന്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് പ്രമുഖ നേതാക്കളിലൊരാളായ സഞ്ജയ് നിരുപം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon