തിരുവനന്തപുരം: കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനം സംബന്ധിച്ച് ശരിയായ വസ്‌തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
യാത്ര നിരോധനത്തിനെതിരെ വയനാട്ടിലെ ജനങ്ങള്‍ ഒറ്റമനസ്സായി തെരുവിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചയായി 10 യുവാക്കള്‍ നിരാഹാരസമരം അനുഷ്‌ഠിക്കുന്നു. വയനാടിനെ മാത്രമല്ല കേരളത്തെ ആകെ ബാധിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ് പ്രക്ഷോഭത്തില്‍ പ്രതിഫലിക്കുന്നത്. ജനങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിച്ചിരുന്ന പാതയാണ് എന്നന്നേയ്‌ക്കുമായി അടയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വന്യജീവികളുടെ സംരക്ഷണത്തിനെന്ന പേരില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഒരു നാടിന്റെ വികസനമാണ് ഇല്ലാതാകുന്നത്. പത്ത് വര്‍ഷം മുമ്പ് ചാമരാജ്‌നഗര്‍ ജില്ലാ കളക്ടര്‍ ഒരു എക്‌സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ഈ പാതയില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ ആറ് വരെ ഗതാഗതം നിരോധിച്ചത്. ഇത് സംബന്ധിച്ച് കേരളം ഫയല്‍ചെയ്‌ത കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നിരോധനം നീക്കാന്‍ ഊര്‍ജ്ജിത ഇടപെടലുകളാണ് നടത്തിയത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതതല സമിതിക്ക് മുമ്പാകെ മേല്‍പ്പാലം ഉള്‍പ്പെടെയുള്ള ബദല്‍ നിര്‍ദേശങ്ങളാണ് കേരളം സമര്‍പ്പിച്ചത്. എന്നാല്‍ നിരോധനം തുടരണമെന്ന കര്‍ണ്ണാടകയുടെ നിലപാടാണ് കേരളത്തിന് തിരിച്ചടിയായത്.
നിലവിലുള്ള നിരോധനം നീക്കുന്നതിന് പകരം പത്ത് വര്‍ഷമായി രാത്രിയാത്രയ്‌ക്ക് നിരോധനമുള്ള കുട്ട-ഗോണിക്കുപ്പ റോഡ് ബദല്‍ പാതയായി അംഗീകരിച്ച് ദേശീയപാതയില്‍ പകലും നിരോധനം നടപ്പാക്കുന്നതിനാണ് കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയത്തിനോട് സുപ്രിംകോടതി അഭിപ്രായം തേടിയത്. കേസിലെ കക്ഷികളായ കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഉപരിതല മന്ത്രാലയത്തോടും ഇത് സംബന്ധിച്ച് സത്യവാങ്‌മൂലം നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ദേശീയ പാത 766 ല്‍ 19 കിലോമീറ്ററാണ് വനപാതയെങ്കില്‍ ബദല്‍ പാതയായി നിര്‍ദ്ദേശിക്കപ്പെട്ട തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തിലൂടെ 12 കിലോ മീറ്ററും നാഗര്‍ഹോള ദേശിയോദ്യാനത്തിലുടെ 13 കിലോ മീറ്ററും വനപാതയാണ്. ഗുണ്ടല്‍പേട്ടിലെത്തണമെങ്കില്‍ 275 കിലോ മീറ്റര്‍ അധിക യാത്ര ചെയ്യേണ്ടി വരും.
മൈസൂരു, ബംഗളൂരു തുടങ്ങിയ കര്‍ണാടകയിലെ പട്ടണങ്ങളുമായി കേരളത്തിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനും സുഗമമായ യാത്രയ്‌ക്കും സൗകര്യമുള്ള 766 ദേശീയപാത പൂര്‍ണമായി അടയ്‌ക്കുന്നത് കേരളത്തിന് വന്‍ തിരിച്ചടിയാകും. പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
HomeUnlabelledബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനം ; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: കോടിയേരി ബാലകൃഷ്‌ണന്‍
This post have 0 komentar
EmoticonEmoticon