ന്യൂഡൽഹി: ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിആർഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സര്‍ക്കാര്‍. അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ചാണ് യുപി സർക്കാർ കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. കഫീല്‍ ഖാനെതിരെ ഏഴ് കുറ്റാരോപണങ്ങളാണ് അന്വേഷിക്കുകയെന്ന് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രജ്നീഷ് ദുബ്ബേ പറഞ്ഞു. കേസില്‍ നിന്നും കഫീല്‍ ഖാന്‍ ഇതുവരെ കുറ്റവിമുക്തനായിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ കഫീല്‍ ഖാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും ദുബ്ബേ പറഞ്ഞു.
എന്നാല്‍ യാഥാർത്ഥ്യം മറച്ചുവയ്ക്കാനാണ് തനിക്കെതിരായ പുതിയ അന്വേഷണമെന്ന് കഫീൽ ഖാൻ പറഞ്ഞു. ഗൊരഖ്പൂരില്‍ ശിശുമരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. കുട്ടികൾ മരിച്ചതെങ്ങനയെന്ന് സർക്കാർ വിശദീകരിക്കണമെന്നും കഫീൽ ഖാൻ പറഞ്ഞു. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10 നാണ് 60 കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരിച്ചത്. സംഭവത്തിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു.
പിന്നാലെ എഇഎസ് വാർഡിന്‍റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. എന്നാല്‍ ഏറ്റവും ഒടുവിലായി കഫീൽ ഖാൻ 54 മണിക്കൂറിനുള്ളിൽ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നുവെന്നും ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Friday, 4 October 2019
Next article
മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം ജയസൂര്യക്ക്
This post have 0 komentar
EmoticonEmoticon