കുട്ടനാട്: ഉപതെരഞ്ഞെടുപ്പിൽ സീറ്റാവശ്യപ്പെട്ട് ഇടത് നേതാക്കൾക്ക് തോമസ് ചാണ്ടിയുടെ കുടുംബം കത്തയച്ചു. തോമസ് ചാണ്ടിയുടെ സഹോദരനെ കുട്ടനാട്ടിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മേരി ചാണ്ടിയാണ് എൻസിപി നേതാക്കൾക്കും, പിണറായി വിജയനടക്കമുള്ളവർക്കും കത്തയച്ചത്. ഇളയ സഹോദരൻ തോമസ് കെ തോമസസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം.
കുട്ടനാട് സീറ്റ് സംബന്ധിച്ച് ഇടത് മുന്നണിയിലും, എൻസിപിയിലും ചർച്ചകൾ സജീവമായിരിക്കെയാണ് സീറ്റാവശ്യപ്പെട്ട്‌കൊണ്ട് തോമസ് ചാണ്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ പിൻഗാമിയായി, ഇളയ സഹോദരൻ തോമസ് കെ തോമസിനെ പരിഗണിക്കണമെന്നാണ് മേരി ചാണ്ടി കത്തിലൂടെ ആവശ്യപ്പെടുന്നത്. തോമസ് ചാണ്ടിയുടെ നോമിനിയായി, മണ്ഡലത്തിൽ പ്രവർത്തിച്ച തോമസ് കെ തോമസിന് മികച്ച വ്യക്തിബന്ധങ്ങളാണുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ഡമ്മി സ്ഥാനാർത്ഥിയായി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ച കാര്യവും മേരി ചാണ്ടി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർത്ഥിയായി തോമസ് കെ തോമസിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ബിസിനസ് കാര്യങ്ങളിലെ തിരക്കുകൾ കാരണം തനിക്കോ മക്കളിൽ ആർക്കെങ്കിലുമോ സ്ഥാനാർത്ഥിയാകാൻ താത്പര്യമില്ലെന്നും മേരി ചാണ്ടി വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി നേതാവ് ടിപി പീതാംബരൻ മാസ്റ്റർ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എകെ ശശീന്ദ്രൻ എന്നിവരെയാണ് മേരി ചാണ്ടി കത്തിലൂടെ, കുടുംബത്തിന്റെ പൊതുതാത്പര്യം അറിയിച്ചിട്ടുള്ളത്. നേരത്തെ തോമസ് ചാണ്ടിയുടെ ഭാര്യയോ, മകളോ സന്നദ്ധത അറിയിക്കുന്നുവെങ്കിൽ എൻസിപി സ്ഥാനാർത്ഥിത്വം പരിഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon