ads

banner

Wednesday 1 January 2020

author photo

തിരുവനന്തപുരം: നാലാം തവണയും കവിയൂര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതി എന്റെയും നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അഭിഭാഷകന്‍ കെ.പി.രാമചന്റെയും എതിര്‍വാദത്തെ തുടര്‍ന്ന് തള്ളുകയും തുടരന്വേഷണം നടത്താന്‍ ഉത്തരവാകുകയും ചെയ്തിരിക്കുകയാണ്.

2004 സെപ്തംബര്‍ 27-ാം തീയതി രാത്രിയാണ് കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയും 15 വയസ്സുകാരി അനഘയും അഞ്ചംഗകുടുംബവും പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയ്ക്കടുത്ത് കവിയൂരില്‍വച്ച് കൊല്ലപ്പെടുന്നത്. അതിന് തൊട്ടടുത്ത ദിവസം പ്രമുഖ മാര്‍ക്‌സിസ്റ്റ് നേതാവായ ശ്രീമതി ടീച്ചര്‍ അനഘ കന്യകയാണെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മരണം ആത്മഹത്യയാണെന്നും ദുരൂഹതയില്ലെന്നും പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനഘ നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് സ്ഥിരീകരിച്ചതോടെ ശ്രീമതി ടീച്ചര്‍ ആരെയോ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെ പത്രസമ്മേളനം നടത്തിയതെന്ന് ചര്‍ച്ചയാവുകയും സംഭവം വിവാദമാകുകയും ചെയ്തു.

2011-ലാണ് എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ എറണാകുളം കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. അന്ന് ലതാ നായരെ മാത്രം പ്രതിയാക്കിക്കൊണ്ട് സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രം പൂര്‍ണമല്ലായെന്നും കൊല്ലപ്പെട്ട നാരായണന്‍ നമ്പൂതിരിയുടെ മൂത്ത പുത്രി 15 വയസ്സുകാരി അനഘ നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ലതാ നായരാണോ അനഘയെ ബലാത്സംഗം ചെയ്തത് എന്ന് എന്റെ ചോദ്യം അംഗീകരിച്ചുകൊണ്ടാണ് സിബിഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമായ കാരണമായി തീര്‍ന്നത്.

തുടര്‍ന്ന് അന്വേഷണം നടത്തിയ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. നന്ദകുമാര്‍ നായര്‍ മൂന്ന് തവണ അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുകയുണ്ടായി. മൂന്നിലും അച്ഛന്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ ബലാത്സംഗം ചെയ്തതാണെന്നായിരുന്നു യാതൊരു തെളിവുമില്ലാതെ ഫൈനല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. എന്നാല്‍, എന്റെയും നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അഭിഭാഷകന്‍ കെ.പി.രാമചന്ദ്രന്റെയും എതിര്‍വാദത്തെ തുടര്‍ന്ന് തിരുവനന്തപുരം സിബിഐ കോടതി ആ വാദം തള്ളുകയും തുടരന്വേഷണത്തിന് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായരെ അച്ഛന്‍ മകളെ പീഡിപ്പിച്ചു എന്ന് കെട്ടിച്ചമച്ച കഥയുണ്ടാക്കിയതിനെ തുടര്‍ന്ന് കോടതി നിശിതമായി വിമര്‍ശിക്കുകയും അദ്ദേഹം സിബിഐക്ക് തന്നെ നാണക്കേടാണെന്ന് നിരീക്ഷണം നടത്തുകയും തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നാലാംതവണ പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അനന്തകൃഷ്ണന്‍ നന്ദകുമാരന്‍ നായരുടെ കീഴിലാണ് വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. മുന്‍പ് ഫയല്‍ ചെയ്ത അന്വേഷണ റിപ്പോര്‍ട്ടിന്റെ മറ്റൊരു രൂപമായിരുന്നു പുതിയ അന്വേഷണ റിപ്പോര്‍ട്ടും കൂട്ടക്കൊലപാതകം തന്നെ.

ക്രൈം ചീഫ് എഡിറ്ററും വാദിയുമായ എനിക്ക് വന്ന കോട്ടയം സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ കത്ത് അഫിഡവിറ്റായി സിബിഐ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. അതില്‍ ഇപ്രകാരമാണ് പറയുന്നത്: ''2004 സെപ്തംബര്‍ 25-ാം തീയതി കിളിരൂര്‍ പെണ്‍വാണിഭ കേസിലെ പ്രതിയായ ലതാ നായരെ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചു എന്നതിന്റെ പേരില്‍ കോട്ടയം പോലീസ് സിഐയായിരുന്ന സുരേഷ് ചോദ്യം ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തില്‍ നാരായണന്‍ നമ്പൂതിരി ലതാ നായര്‍ ഒളിവില്‍ താമസിച്ചപ്പോള്‍ കുറ്റബോധത്താല്‍ എല്ലാം തുറന്നു പറഞ്ഞുവെന്നും തന്റെ മകള്‍ അനഘയെ ലതാ നായര്‍ സജി നന്ത്യാട്ടിന്റെ ഫൈവ് ഫിങ്കേഴ്‌സ് എന്ന സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് മോഹം നല്‍കി കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥനും സജി നന്ത്യാട്ടിന്റെ സുഹൃത്തായ എം.എ.ബേബിക്കും എം.എ.ബേബിയുടെയും കോടിയേരിയുടെയും രണ്ട് മക്കള്‍ക്കും അടക്കം കാഴ്ചവച്ചെന്നും നിരന്തരമായി കുട്ടിയെ ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചുവെന്നും തുറന്നു പറഞ്ഞുവെന്ന് മൊഴി നല്‍കിയിരുന്നു. ഈ കാര്യം അപ്പോള്‍ തന്നെ സിഐ സുരേഷ് കോട്ടയം എസ്പി ഗോപിനാഥിനെ അറിയിച്ചു. നാരായണന്‍ നമ്പൂതിരിയും കുടുംബവും ജീവിച്ചാല്‍ എസ്പിക്കും മറ്റുള്ളവര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ജീവിച്ചിരുന്നാല്‍ അത് അപകടം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ആ കുടുംബത്തെ കൊല ചെയ്യാന്‍ തീരുമാനിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ചില പോലീസുകാരെയും ഗുണ്ടകളെയും ശ്രീമതി ടീച്ചറിന്റെ മകനെയും 2004 സെപ്തംബര്‍ 27-ാം തീയതി രാത്രി നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. വീട്ടിനുള്ളില്‍ അകത്ത് കടന്ന ഗുണ്ടകള്‍ രണ്ടു കുട്ടികളുടെ കഴുത്തു ഞെരിച്ച് അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അനഘയെക്കൊണ്ട് ലതാ നായരാണ് അവരുടെ മരണത്തിന് ഉത്തരവാദി എന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവപ്പിച്ചു. അനഘയെ മറ്റൊരു റൂമില്‍ കൊണ്ടുപോയി ശ്രീമതി ടീച്ചറുടെ മകന്‍ ബലാത്സംഗം ചെയ്തു. എല്ലാവര്‍ക്കും ബലം പ്രയോഗിച്ച് ക്ലോറി പയറിഫോസ് എന്ന കീടനാശിനി പാല്‍ക്കഞ്ഞിയില്‍ ചേര്‍ത്ത് നിര്‍ബന്ധപൂര്‍വ്വം എല്ലാവരേയും കുടിപ്പിച്ചു. നാരായണന്‍ നമ്പൂതിരിയെ മദ്യവും വിഷം ചേര്‍ത്ത പാല്‍ക്കഞ്ഞിയും കുടിപ്പിച്ച ശേഷം കെട്ടിത്തൂക്കി. എല്ലാവരും പുറത്തു കടന്നശേഷം ഒരാള്‍ മാത്രം അകത്തുനിന്ന് വാതില്‍ അടച്ച് മുകളിലൂടെ ഓടുവഴി പുറത്തു കടന്നു.'' ഈ കത്തിനെ ആസ്പദമാക്കിയായിരുന്നു ഞാന്‍ സിബിഐ കോടതിയില്‍ പ്രധാനമായും വാദിച്ചത്. മുകളിലൂടെ ആര്‍ക്കും വീടിന്റെ ഓടുതുറന്ന് അകത്ത് കടക്കാനും പുറത്തേക്ക് പോകാന്‍ കഴിയുമെന്നുമിരിക്കെ ആ കാര്യം സിബിഐ പരിശോധിച്ചിരുന്നില്ല. നാരായണന്‍ നമ്പൂതിരി മദ്യവും വിഷവും കഴിച്ചാല്‍ 'കോമാ' സ്റ്റേജിലേക്ക് ഉടനെ മാറുമെന്നിരിക്കെ എങ്ങനെ തൂങ്ങി മരിക്കാന്‍ കഴിയുമെന്നുള്ള എന്റെചോദ്യത്തിന് സിബിഐക്ക് കോടതിയില്‍ ഉത്തരമുണ്ടായിരുന്നില്ല. പാല്‍ക്കഞ്ഞി പാത്രവും വിഷക്കുപ്പിയും മദ്യക്കുപ്പിയും ഫിംഗര്‍ പ്രിന്റ് ടെസ്റ്റ് എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യത്തിന് സിബിഐക്ക് ഉത്തരമുണ്ടായിരുന്നില്ല. അതിലുപരി വീട്ടിലെ സാധന സാമഗ്രികളെല്ലാം തകര്‍ക്കപ്പെട്ടു എന്ന് സിബിഐ ഹാജരാക്കിയ തിരുവനന്തപുരം എഫ്എസ്എല്ലിലെ സൈന്റിസ്റ്റായ റഹ്‌ലയുടെ റിപ്പോര്‍ട്ട് പ്രകാരം വീട്ടിനുള്ളില്‍ പിടിയും വലിയും നടത്തി ബലം പ്രയോഗിച്ചാണ് അവിടെയുള്ള എല്ലാവരെയും വിഷം അടങ്ങിയ പാല്‍ക്കഞ്ഞി കഴിപ്പിക്കുകയും നാരായണന്‍ നമ്പൂതിരിയെ കെട്ടിത്തൂക്കുകയും അനഘയെ ബലാത്സംഗം ചെയ്തതെന്നും ഇത് ഗുണ്ടകള്‍ നടത്തിയ കൂട്ടക്കൊലപാതകമാണെന്നുമുള്ള എന്റെ വാദത്തെ എതിര്‍ക്കാന്‍ സിബിഐക്ക് ഈ കോടതിയില്‍ കഴിഞ്ഞില്ല. അനഘയുടെ രഹസ്യഭാഗത്ത് പുരുഷബീജം കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റ് നടത്തിയിട്ടില്ല എന്ന എന്റെ ചോദ്യത്തിനും സിബിഐക്ക് ഉത്തരമുണ്ടായിരുന്നില്ല.

അനഘയെ സിനിമാനടിയാക്കാമെന്ന് പറഞ്ഞ് സജിനന്ത്യാട്ടിന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ലതാ നായര്‍ കൊണ്ടുപോയെന്നും സിപിഎം നേതാക്കന്മാരുടെ മക്കളും സ്വര്‍ണ ജ്വല്ലറിക്കാരനും സജി നന്ത്യാട്ടും കോട്ടയം പോലീസ് സൂപ്രണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്നുമുള്ള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബസന്തിന് ശ്രീലേഖ എന്ന പെണ്‍കുട്ടി അയച്ച കത്ത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു ഡിഐജി ശ്രീലേഖയ്ക്ക് കൈമാറിയിരുന്നു. ഇത് കൈപ്പറ്റിയതായി ശ്രീലേഖ ഐപിഎസ് സിബിഐക്ക് മൊഴിയും നല്‍കിയിരുന്നു. 2011-ല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും കേസിന്റെ പ്രൊസീഡിയറിന്റെ ഭാഗമായ ഈ കത്ത് കോടതിയില്‍ ഹാജരാക്കാനോ അന്വേഷണം നടത്താനോ സിബിഐ എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന് കോടതി തന്നെ നിരീക്ഷണം നടത്തിയിരുന്നു. ഇതിനൊന്നും സിബിഐക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സിബിഐ അന്വേഷണം ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വസ്തുതകള്‍ മറച്ചുവച്ച് കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണ് അന്വേഷണ റിപ്പോര്‍ട്ട് എന്ന എന്റെയും അഡ്വ. കെ.പി.രാമചന്ദ്രന്റെയും വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ചരിത്രത്തില്‍ ആദ്യമായി നാലാം തവണയും തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നാരായണന്‍ നമ്പൂതിരിയും കുടുംബവും കൊല്ലപ്പെട്ടിട്ട് 15 വര്‍ഷം പിന്നിടുമ്പോള്‍  വീണ്ടും തുടരന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ക്രൈം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ നേരിട്ട് കോടതിയില്‍ വാദം നടത്തിയാണ് ഈ കേസില്‍ വിജയം കണ്ടെത്തിയിട്ടുള്ളത് അഭിമാനമായി ഞാന്‍ കരുതുന്നു. ഇത് തുടര്‍ന്നുള്ള നിയമയുദ്ധത്തിന് പ്രോത്സാഹനം നല്‍കുന്നതാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement