തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറ് അടച്ചുപൂട്ടിയ തമിഴ്നാട് സർക്കാർ ഉത്തരവ് ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പ്ലാന്‍റ് പൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. ട്രൈബ്യൂണലിന്‍റെ നടപടിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിടും മുമ്പ് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
വേദാന്തയുടെ കോപ്പർ പ്ലാൻറിന് പ്രവർത്തനാനുമതി മൂന്നാഴ്ചക്കുള്ളിൽ പുതുക്കി നൽകണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി ഉത്തരവിട്ടു. പ്രദേശവാസികളുടെ ക്ഷേമത്തിനായി മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി രൂപ നൽകണമെന്ന് കമ്പനിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം, ആശുപത്രി, ആരോഗ്യ പദ്ധതികൾ, നൈപുണ്യ വികസനം തുടങ്ങിയ പദ്ധതികൾക്കായി തുക വിനിയോഗിക്കാമെന്ന് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്ലാൻറ് മലിനീകരണമുണ്ടാക്കുന്നു എന്നാരോപിച്ച് നാട്ടുകാർ നടത്തിയ സമരം പൊലീസ് വെടിവെപ്പിൽ കലാശിക്കുകയും 13 പേർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് പ്ലാൻറ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കിയത്. മെയ് 23നാണ് വേദാന്ത ഗ്രൂപ്പിന്‍റെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തമിഴ്നാട് സര്‍ക്കാര്‍ അടച്ച് പൂട്ടിയത്. വേദാന്ത ഗ്രൂപ്പിന്‍റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു ട്രൈബ്യൂണല്‍ നിയോഗിച്ച തരുണ്‍ അഗര്‍വാള്‍ കമ്മീഷന്‍ വിലയിരുത്തല്‍.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ചട്ടങ്ങള്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് പാലിക്കുന്നുണ്ടെന്നും മുന്‍ മേഘാലയ ചീഫ് ജസ്റ്റിസ് കൂടിയായ തരുണ്‍ അഗര്‍വാള്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കി. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച ഹരിത ട്രൈബ്യൂണല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെത് ന്യായീകരിക്കാനാകാത്ത നടപടിയെന്നും വിമര്‍ശിച്ചു. മൂന്ന് ആഴ്ച്ചയ്ക്കകം ഇരുമ്പ് അയിര്‍ ഖനനം തുടങ്ങാനുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും തമിഴ്നാട് പരിസ്ഥിതി മലിനീകരണ ബോര്‍ഡിനോട് നിര്‍ദേശിച്ചു.

This post have 0 komentar
EmoticonEmoticon