ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ന്യൂഡല്‍ഹി പൊലീസിന്റെ കുറ്റപത്രം പട്യാല കോടതി തള്ളി. സര്‍ക്കാരില്‍ നിന്ന് പ്രൊസിക്യൂഷന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെരാവത്ത് കുറ്റപത്രം തള്ളിയത്.
ഇക്കാര്യത്തില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അടുത്തമാസം ആറിന് കേസ് പരിഗണിക്കുന്നതിന് മുമ്പായി പ്രൊസിക്യൂഷന്‍ അനുമതി തേടിയിരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രാജ്യദ്രോഹക്കേസുകളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം ഫയല്‍ ചെയ്യാവൂ എന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ കുറ്റപത്രം ഫയല്‍ ചെയ്ത ശേഷം കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് ഡല്‍ഹി പൊലീസ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാരാകട്ടെ ഇത് വരെ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. പത്ത് ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കനയ്യകുമാര്‍ അടക്കം പത്ത് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്.

This post have 0 komentar
EmoticonEmoticon