നെല്ലിന് കീടനാശിനി തളിച്ച് രണ്ട് തൊഴിലാളികൾ തിരുവല്ലയിൽ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ എല്ലാ വളം കീടനാശിനി ഡിപ്പോകളും പരിശോധിക്കാനും അനധികൃത വില്പന തടയാനും കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ നിർദ്ദേശം നൽകി. തിരുവല്ലയിലെ സംഭവത്തെ തുടർന്ന് കൃഷി ഓഫീസറുടെ കുറിപ്പില്ലാതെ അനധികൃത വിൽപന നടത്തിയ ഇലഞ്ഞിമൂട്ടിൽ ഡിപ്പോ ഉദ്യോഗസ്ഥർ പൂട്ടി.
കഴിഞ്ഞ ഡിസംബർ 10 ന് വളം കീടനാശിനി ഉപയോഗത്തെ സംബന്ധിച്ച് കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കീടനാശിനികളുടെ വില്പന, ഉപയോഗം എന്നിവ സംബന്ധിച്ച് നിർദ്ദേശങ്ങൾ സംസ്ഥാനത്തുടനീളം നൽകിയിരുന്നു. ചുവപ്പ്, മഞ്ഞ ലേബലിലുള്ള കീടനാശിനികൾ കൃഷി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമുള്ള കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം വില്പന നടത്താനായിരുന്നു നിർദ്ദേശം.
കർഷകർക്ക് നേരിട്ട് വിൽപന നടത്തരുതെന്നും പറഞ്ഞിരുന്നു. ഓരോ വിളകൾക്കും പ്രത്യേകം കീടനാശിനികളും കളനാശിനികളുമാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. വില്പന നടത്തുന്ന വസ്തുക്കളുടെ വിവരങ്ങൾ വ്യക്തമായി ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതെല്ലാം ലംഘിച്ച് അനധികൃത വിൽപന തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തിര നിർദ്ദേശം നൽകിയത്. ഇങ്ങനെ പ്രവർത്തിക്കുന്ന ഡിപ്പോകളുടെ ലൈസൻസ് റദ്ദാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon