കൊച്ചി: ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുളള കോണ്‍ട്രാക്‌ട് കാര്യേജുകളില്‍ ചട്ടപ്രകാരമല്ലാത്ത ബഹുവര്‍ണ എല്‍ഇഡി ലൈറ്റുകളും ബോഡിയില്‍ കൂറ്റന്‍ ചിത്രങ്ങളും എഴുത്തുകളും വിലക്കി ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമവും ചട്ടവും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര- സംസ്ഥാന മോട്ടോര്‍വാഹന ചട്ടങ്ങള്‍ക്കുവിരുദ്ധമായ സൗന്ദര്യവല്‍ക്കരണം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്.
വാഹനങ്ങള്‍ക്കുപുറത്തെ ഫ്ലക്‌സിബിള്‍ എല്‍ഇഡിയും ബഹുവര്‍ണ എല്‍ഇഡി ലൈറ്റുകളും നീക്കണം, അകത്തുള്ള മിന്നുന്ന കളര്‍ ലൈറ്റുകള്‍, ഡിജെയ്ക്കുവേണ്ടിയുള്ള എല്‍ഇഡി ലൈറ്റുകള്‍, ലേസര്‍ ലൈറ്റ‌് എന്നിവയും നീക്കണം. ശക്തിയേറിയ ശബ്ദസംവിധാനം പാടില്ല. മള്‍ട്ടിപ്പിള്‍ ബൂസ്റ്റര്‍, പവര്‍ ആംപ്ലിഫയര്‍, സ്പീക്കറുകള്‍, സബ് വൂഫര്‍ തുടങ്ങി വലിയ ശബ്ദമുണ്ടാക്കുന്നവ പാടില്ല. സേഫ്റ്റി ഗ്ലാസില്‍ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കാനാകുന്ന തുണി കര്‍ട്ടനുകളും ടിന്റഡ് ഫിലിമുകളും ഉപയോഗിക്കരുത‌്, ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന ക്രമീകരണങ്ങള്‍ ഒഴിവാക്കണം, പൊതുജനശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ഇത്തരം ബസുകളില്‍ ബഹുവര്‍ണചിത്രങ്ങളും എഴുത്തുകളും പാടില്ല. വാഹനങ്ങള്‍ക്കുപുറത്ത് മോട്ടോര്‍വാഹന ചട്ടപ്രകാരമുള്ള ഇന്‍ഡിക്കേറ്റര്‍, റിഫ്ലക്ടര്‍ എന്നിവ നിലനിര്‍ത്തണം, യാത്രക്കാര്‍ക്ക് വെളിച്ചത്തിന‌് ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കണം.
വാഹനത്തിന്റെ വലിപ്പമനുസരിച്ച് നാലുമുതല്‍ ആറുവരെ സ്പീക്കറുകളും ഇതിനനുസരിച്ച് മിതമായ ശബ്ദമുള്ള സംവിധാനം ഉപയോഗിക്കാം. ചട്ടപ്രകാരം വാഹനത്തിന്റെ ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബരടക്കമുള്ളവ ചട്ടം അനുശാസിക്കുന്നവിധം പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon