ads

banner

Monday 15 April 2019

author photo

സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷുക്കാലം കൂടി മലയാളികൾ ഇന്ന് ആഘോഷിക്കുന്നു. കണിക്കൊന്നകൾ പൂത്തുലഞ്ഞു നിൽക്കുന്ന വീഥികൾ വിഷുവിനെ വരവേൽക്കാൻ നേരത്തെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. കണികാണലും കൈനീട്ടം നൽകിയും വരും ദിനങ്ങൾ സമ്പൽ സമൃദ്ധമായിരിക്കണമെന്ന പ്രാർത്ഥനയിലാണ് ഓരോ വിഷുപുലരിയിലും ആഘോഷിക്കുന്നത്.

ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും വെളളരിയും കൊന്നയും ഫലവര്‍ഗ്ഗങ്ങളും പണവും സ്വര്‍ണ്ണവും തുടങ്ങി ഭൂമിയിലെ എല്ലാ നല്ല വസ്തുവകകളും ചേര്‍ത്തൊരുക്കുന്ന കണി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് സങ്കല്‍പ്പം.

കുടുംബത്തിലെ ഇളമുറക്കാര്‍ക്ക് മുതിര്‍ന്നവര്‍ നല്‍കുന്ന കൈനീട്ടവും സമ്പത്തിന്റെയും സമൃദ്ധിയുടേയും കൈമാറലാണ്. പുലര്‍ച്ചെ കണി കണ്ട് കുടുംബത്തിലെ കാരണവന്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങാൻ കുട്ടികൾ കാത്തു നിൽക്കും. പടക്കം പൊട്ടിച്ചും മറ്റു കളികളിൽ ഏർപ്പെട്ടും കുട്ടികൾക്കും ഏറെ ആഘോഷമാണ് വിഷു.

ഓണത്തിനെന്ന പോലെ സമൃദ്ധമായ ഭക്ഷണവും വിഷുവിന്റെ പ്രത്യേകതയാണ്. ഭൂരിഭാഗം പേരും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ചിലയിടത്ത് മാംസ വിഭവങ്ങളും തൂശനിയിലെത്തും. വരും ദിനങ്ങളിൽ സമൃദമായ ഭക്ഷണം ലഭിക്കാനുള്ള പ്രാർത്ഥനകൂടിയായാണ് ഭക്ഷണം ഒരുക്കുന്നത്.

പഴയകാലത്തെ അപേക്ഷിച്ച് മാറ്റങ്ങൾ ഏറെ ഉണ്ടായിട്ടുണ്ടാകാം. എങ്കിലും വിഷു എന്നും മലയാളിക്ക് ആഘോഷമാണ്. ഈ വേനൽ ചൂടിലും കണിക്കൊന്നയുടെ നിറച്ചാർത്തിനൊപ്പം അത് ആഘോഷം  തന്നെയാണ്.

എല്ലാ മലയാളികൾക്കും 'അന്വേഷണം.കോം' ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement