ഇസ്ലാമാബാദ്: മതപഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ട് തീവ്രവാദത്തിന് തടയിടാനൊരുങ്ങി പാകിസ്താന്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുപ്പതിനായിരത്തിലധികം മദ്രസകളെ മുഖ്യധാരാ വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിച്ച് അവയിലൂടെയുള്ള തീവ്രവാദാനുകൂല പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് പാകിസ്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.
പാകിസ്താനിലെ മദ്രസകളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. 1947ല്‍ രാജ്യത്ത് ആകെയുണ്ടായിരുന്നത് 247 മദ്രസകളായിരുന്നു. 1947 മുതല്‍ 1980 വരെയുള്ള കാലയളവില്‍ അത് 2,861 ആയി വര്‍ധിച്ചു. ഇപ്പോള്‍ മുപ്പതിനായിരത്തില്‍ അധികം മദ്രസകളാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ 100 എണ്ണം മാത്രമാത്രമാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നും സൈനിക വക്താവ് പറഞ്ഞു.
എല്ലാ മദ്രസകളെയും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരികയും സമകാലിക വിഷയങ്ങള്‍ക്കൂടി പാഠ്യവിഷയമാക്കുകയും ചെയ്യും. വിദ്വേഷ പ്രചാരണത്തിന് ഇടകൊടുക്കാത്തതും മറ്റു വിഭാഗങ്ങളെ ബഹുമാനിക്കാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുതകുന്നതുമായ പാഠ്യപദ്ധതിയ്ക്ക് രൂപംനല്‍കും.
മതസംബന്ധിയായ കാര്യങ്ങള്‍ കൂടാതെ മറ്റു വിഷയങ്ങളും പഠിക്കുന്നതിന് ഇത് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുമെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നിയമനിര്‍മാണം ആവശ്യമാണ്. അതിനായി ബില്‍ തയ്യാറാക്കിവരികയാണ്. പദ്ധതി നടപ്പാക്കുന്നതിന് ഫെബ്രുവരിയില്‍ത്തന്നെ സര്‍ക്കാര്‍ പണം നീക്കിവെച്ചിട്ടുണ്ട്. പ്രാരംഭമായി 200 കോടിയാണ് വേണ്ടിവരിക. ഓരോ വര്‍ഷവും നൂറു കോടി വീതം നീക്കിവെക്കുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon