ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതി അന്വേഷിക്കുന്ന മൂന്നംഗ സമിതിയില്‍ ജസ്റ്റിസ് എന്‍.വി രമണക്ക് പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരി ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയിലാണ് അന്വേഷണം. ഇന്ന് നേരിട്ട് ഹാജരായി ആരോപണം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ യുവതിക്ക് നോട്ടീസ് നല്‍കിയിരുന്നു. സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീം കോടതി സെക്രട്ടറി ജനറലിനും നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസിന്റെ ലൈംഗിക ശ്രമം ചെറുത്തതിന് പ്രതികാര നടപടിയെന്നോണം ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സമിതി പരിശോധിക്കും. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. മൂന്നംഗ സമിതിയില്‍ നേരത്തെയുണ്ടായിരുന്ന ജസ്റ്റിസ് എന്‍.വി രമണ പരാതിക്കാരിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തിയത്. അതേസമയം, ലൈംഗികാരോപണം ഗൂഢാലോചനയാണെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലില്‍ റിട്ട. ജസ്റ്റിസ് എ.കെ പട്നായികിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.
This post have 0 komentar
EmoticonEmoticon