ഗുജറാത്ത്: ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ കര്‍ഷകര്‍. പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷിചെയ്ത ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ ലെയ്സ് ചിപ്‌സ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഇതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നും കമ്പനി അവകാശപ്പെടുന്നു.
എഫ്.എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങ് ഇനത്തിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അനുമതിയില്ലാതെ ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനി നിയമ നടപടി സ്വീകരിച്ചത്.
ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്നു കര്‍ഷകര്‍ക്ക് അഹമ്മദാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയിരുന്നു. ഈ മൂന്നു കര്‍ഷകരോട് കോടതി വിശദീകരണവും ചോദിച്ചിരുന്നു. കൂടാതെ കമ്പനിയുടെ അപേക്ഷ പ്രകാരം, വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അഭിഭാഷകനായ പരാശ് സുഖ്‌വാനിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെയും കോടതി നിയോഗിച്ചിരുന്നു.
ഇന്ത്യയില്‍ 2009ല്‍ ആണ് ഈ പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് വ്യാവസായികമായി കൃഷിചെയ്തത്. പഞ്ചാബിലെ ഏതാനും ചില കര്‍ഷകര്‍ക്ക് ഈ ഉരുളക്കഴങ്ങ് കൃഷിചെയ്യാന്‍ കമ്പനി ലൈസന്‍സ് നല്‍കിയിരുന്നു. കമ്പനിയ്ക്ക് മാത്രമേ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. അനുമതിയില്ലാതെ മറ്റാരെങ്കിലും ഇത് ഉത്പാദിപ്പിച്ചാല്‍ അത് നിയമലംഘനമാകുമെന്നാണ് കമ്പനി പറയുന്നത്.
പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ വ്യക്തമാക്കി. സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള 190 കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒപ്പിട്ട കത്ത് പുറത്തിറക്കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon