തിരുവനന്തപുരം :തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഇടതുകോട്ടകൾ സിപിഎം നേതൃത്വത്തെയും സർക്കാരിനെയും ചോദ്യമുനയിൽ നിർത്തും. 18 സീറ്റ് അവകാശപ്പെട്ടു 19 ലും തോറ്റുവെന്ന വേദനാജനകമായ അവസ്ഥ സ്വപനത്തിൽ പോലും അവർ വിചാരിച്ചില്ല . ന്യൂനപക്ഷ–ഭൂരിപക്ഷവോട്ടുകൾ ഒരു പോലെ എങ്ങനെ നഷ്ടപ്പെടുത്തിയെന്ന ചോദ്യം മുഖ്യമന്ത്രിക്കു നേരിടേണ്ടിവരും.
വോട്ടെടുപ്പിനുശേഷവും 18 സീറ്റ് വരെ എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പാർട്ടിക്കു കണക്കുകൾ പാടെ തെറ്റി. ആറ് എംപിമാരും അഞ്ച് എംഎൽഎമാരും തോറ്റു. എക്സിറ്റ് പോളുകൾ യുഡിഎഫ് മുന്നേറ്റം പ്രവചിച്ചപ്പോഴും അതെല്ലാം തള്ളി വൻവിജയം അവകാശപ്പെട്ടതു മുഖ്യമന്ത്രി തന്നെ.
സിപിഎം അടക്കം ആളിക്കത്തിച്ച മോദിവിരുദ്ധവികാരം കോൺഗ്രസ് കൊയ്തുവെന്ന ന്യായമാണു പാർട്ടിയും മുഖ്യമന്ത്രിയും ഇപ്പോൾ നിരത്തുന്നത്. ഇടതുപക്ഷം ശക്തമല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഈ ആനുകൂല്യം കോൺഗ്രസിനു ലഭിക്കൂ എന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. 2004 ലെ 18 സീറ്റ് നേട്ടം സിപിഎം ആവർത്തിക്കുമെന്നു അവകാശപ്പെട്ടുവന്ന സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതു സംഭവിച്ചതു യുഡിഎഫിനാണെന്നു സമ്മതിക്കുന്ന അസാധാരണ സാഹചര്യമുണ്ടായി.
തിരിച്ചടി അപ്രതീക്ഷിതമെന്നും തിരുത്തുമെന്നും നേതാക്കൾ വ്യക്തമാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. 2004 ൽ 18 സീറ്റും ഇടതുമുന്നണി നേടി വൈകാതെ എ.കെ.ആന്റണി രാജിവച്ചതാണ് അവർ പറയാതെ പറയുന്നത്.
മുൻകാലങ്ങളിൽ നിന്നു ഭിന്നമായി കേരളത്തിൽ മതവും രാഷ്ട്രീയവും മുഖ്യതിരഞ്ഞെടുപ്പു വിഷയമായതു തന്നെ ശബരിമലയിലെ സർക്കാർ ലൈനിന്റെ ഫലമായിരുന്നു. വിശ്വാസികളുടെ പിണറായി വിരുദ്ധ വികാരം യുഡിഎഫിനു ഗുണകരമായതു എൽഡിഎഫ് തോൽവിയുടെ ആഘാതം കൂട്ടി. ആറ്റിങ്ങൽ പോലെയുള്ള ഇടതുകോട്ടയിൽ 2014 ലേക്കാൾ ഒന്നരലക്ഷത്തിലേറെ വോട്ട് ബിജെപി പിടിച്ചപ്പോൾ ഇടതുസ്ഥാനാർഥി നാൽപ്പതിനായിരത്തോളം വോട്ടിനു തോറ്റുവെങ്കിൽ ഭൂരിപക്ഷവോട്ടിലെ ചോർച്ച ഇടതിനെയാണു ബാധിച്ചതെന്നു വ്യക്തം. ബിജെപി വോട്ടുവിഹിതം ഉയർത്തി യുഡിഎഫിന്റെ അടിതെറ്റിക്കുകയെന്ന സിപിഎം അജൻഡ പൊളിഞ്ഞു. മൂന്നുവർഷത്തെ ഭരണത്തിനു രാഷ്ട്രീയമായ പ്രയോജനവുമുണ്ടാക്കാനായില്ല.
വടക്കു സിപിഎം കോട്ടകളിലെല്ലാം വലിയ വിള്ളലുകളാണുണ്ടായത്. മുഖ്യമന്ത്രിയുടെ സ്വന്തം ധർമടത്ത് 2016 ൽ പിണറായി വിജയൻ നേടിയതിനെക്കാൾ 10ശതമാനത്തോളം വോട്ടുതാഴ്ന്നു. 35 വർഷത്തിനുശേഷം കാസർകോട്ട് ത്രിവർണ പതാക പാറിയതിനു പിന്നിൽ പെരിയയിൽ വീണ രക്തക്കറയുണ്ട്. മറുഭാഗത്തു വടകര കീഴടക്കി കേസുകളുടെ കറ കഴുകിക്കളയാമെന്ന പി. ജയരാജന്റെ മോഹം നടന്നില്ല. ആലപ്പുഴ ഏക ആശ്വാസമായെങ്കിലും ന്യൂനപക്ഷവോട്ടുകളുടെ വിഭജനത്തിലുണ്ടായ മേൽക്കൈ എന്നതിനപ്പുറമുള്ള രാഷ്ട്രീയജയം അതിലില്ല. 11 ൽ 11 എംഎൽഎമാരുമുള്ള കൊല്ലത്തേയും ഇടതുകോട്ടകളായ ആലത്തൂർ, കണ്ണൂർ, വടകര എന്നിവിടങ്ങളിലെയും തോൽവിയുടെ മാർജിൻ വോട്ടുചോർച്ചയെക്കുറിച്ചു പാർട്ടിക്ക് അങ്കലാപ്പുണ്ടാക്കുന്നതാണ്. നാലുകക്ഷികളെ ഉൾപ്പെടുത്തിയുള്ള എൽഡിഎഫ് വിപുലീകരണം ഉദ്ദേശിച്ച ഫലം ചെയ്തില്ല.
മൽസരിച്ച നാലു സീറ്റിലും വൻതോൽവി ഏറ്റുവാങ്ങിയ സിപിഐ തിരുവനന്തപുരത്തു മൂന്നാംസ്ഥാനമെന്ന നാണക്കേട് ആവർത്തിച്ചു. ലോക്സഭാതിരഞ്ഞെടുപ്പു മുന്നിൽ കണ്ട് അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചും അഭിപ്രായങ്ങൾ വിഴുങ്ങിയും നീങ്ങിയിരുന്ന സിപിഐ ഇനി ആ സമീപനം തുടരുമോയെന്നതാണ് അയറിയേണ്ടത്.
This post have 0 komentar
EmoticonEmoticon