തിരുവനന്തപുരം: കാഴ്ചയുടെ യഥാര്‍ത്ഥ വസന്തം കണ്ടറിയാന്‍ കാടിറങ്ങി എത്തിയത് കാടിന്റെ സ്വന്തം സന്തതികളായ 228 കുട്ടികള്‍. അതായത് മലബാറിലെ നാല് ജില്ലകളില്‍ നിന്നും കൊല്ലത്ത് നിന്നും എത്തിയ ആദിവാസി ഊരുകളിലെ കുട്ടികളാണ് ഇവര്‍. ഇവര്‍ തന്നെയായിരുന്നു ഇന്നലത്തെ രാജ്യാന്തര ചലച്ചിത്രമേളയിലെ മണിമുത്തുകള്‍. കാടിറങ്ങി വലിയ സ്‌ക്രീനില്‍ സിനിമ കണ്ടവര്‍ അത്ഭുതംകൂറി. ബിഗ് സ്‌ക്രീനിലെ സിനിമ എന്നത് വര്‍ഷത്തിലൊരിക്കല്‍ പോലും ഇവര്‍ക്ക് സാധ്യമാകുന്ന കാര്യമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു വേദിയൊരുക്കിയ സംസ്ഥാന ശിശുക്ഷേമ സമിതിയോട് എങ്ങനെ നന്ദി പറയണമെന്ന് ഈ കുരുന്നുകള്‍ക്ക് അറിയില്ല.
അതേസമയം ഈ മേള ഇവര്‍ക്ക് നല്‍കിയ സമ്മാനം എന്നത് സിനിമ മാത്രമല്ല അതിനോടൊപ്പം ഏറെ നഗരക്കാഴ്ചകളുമണ്. മലപ്പുറത്ത് നിന്ന് 52 ഉം കണ്ണൂരില്‍ നിന്ന് 25 ഉം തൃശൂരില്‍ നിന്ന് 50 കാസര്‍കോട് നിന്ന് 46ഉം കൊല്ലത്ത് നിന്ന് 55 ഉം ആദിവാസിക്കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം ചലച്ചിത്രമേളയ്ക്കെത്തിയത്. ഇവര്‍ക്കുള്ള താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ശിശുക്ഷേമസമിതി ഒരുക്കിയിട്ടുണ്ട്. അതത് ജില്ലാ ശിശുക്ഷേമസമിതികളുടെ നേതൃത്വത്തിലാണ് ഈ കുട്ടികളെ തലസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ മേളയ്ക്കും ഇതുപോലെ ത്‌നനെ കുട്ടികളെ കൊണ്ടുവന്നിരുന്നു. അതേസമയം ഇത്തവണ കൂടുതലായും പ്രാധാന്യം നല്‍കിയത് കഴിഞ്ഞതവണ വരാത്തവര്‍ക്ക് അവസരം നല്‍കികൊണ്ടാണ്്. മൂന്ന് ദിവസം ഇവര്‍ ചലച്ചിത്രമേളയുടെ ഭാഗമാകുന്നതാവും. എന്നാല്‍ അതിന് ശേഷം മറ്റ് ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ മേളയുടെ ഭാഗമാകാന്‍ എത്തുന്നതാണ്.തിരുവനന്തപുരം മഹിളാ സമിതി സൊസൈറ്റിയിലെ 38 പെണ്‍കുട്ടികളും കോട്ടയം ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ 12 കുട്ടികളും തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ 10 കുട്ടികളും കരകുളം ചില്‍ഡ്രന്‍സ് ഹോമിലെ 18 കുട്ടികളും തുടക്കം മുതല്‍ മേളയുടെ സജ്ജീവ സാന്നിധ്യമാണ്.
This post have 0 komentar
EmoticonEmoticon