മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ലിവർപൂളിന് കിരീടം. ഫൈനലിൽ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. മുഹമ്മദ് സലായുടെയും ഒറിഗിയുടെയും ഗോളുകളാണ് ലിവർപൂളിന് ആറാം ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ചത്.
കിരീടമില്ലാത്ത ഫേവറിറ്റുകൾ എന്ന വിളിപ്പേര് ഇനി ലിവർപ്പൂളിനൊപ്പമില്ല. കഴിഞ്ഞവർഷം ഫൈനലിൽ കലമുടച്ചതിന്‍റെ ക്ഷീണം ലിവർപൂൾ ഇത്തവണ തീർത്തു.
മത്സരത്തിന്‍റെ ആദ്യ മിനിറ്റിൽ തന്നെ ലിവർപൂൾ ലീഡെടുത്തു. ബോക്സിനുള്ളിൽ വച്ച് സിസ്സോക്കോയുടെ കൈൽ തട്ടിയ പന്തിന് റഫറി പെനാൽറ്റി വിളിച്ചു. കിക്കെടുത്ത മുഹമ്മദ് സലാ ലിവർപൂളിന് കിരീടപ്രതീക്ഷ നൽകി.
വിരസമായ ആദ്യപകുതിക്ക് ശേഷം ടോട്ടനത്തിന്‍റെ മുന്നേറ്റങ്ങളുമായാണ് രണ്ടാംപകുതി ആരംഭിച്ചത്. എന്നാൽ, അവസരങ്ങളെല്ലാം ലിവർപൂൾ പ്രതിരോധത്തിൽ തട്ടി തെറിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മനോഹരമായൊരു ഗോളിലൂടെ ഡിവോക് ഒറിഗി ലിവർപൂളിനെ യൂറോപ്യൻ ചാമ്പ്യൻമാരാക്കി.
കോച്ച് യുർഗെൻ ക്ലോപ്പിന് കീഴിലെ ആദ്യ കിരീടനേട്ടമാണ് ലിവർപൂളിന്‍റേത്. 2005ലാണ് ചെമ്പട ഇതിന് മുമ്പ് ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടത്.
This post have 0 komentar
EmoticonEmoticon