ന്യൂഡൽഹി : രണ്ടാം മോദി മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാത്തതിന് ശിവസേനയ്ക്കു പുറമെ ബിജെപി ബംഗാൾ ഘടകത്തിനും അതൃപ്തി. ബിജെപിയുടെ ദേശീയ നേതൃത്വത്തിലെ പലരെയും പരിഗണിച്ചില്ലെന്നും വിമർശനമുയർന്നു. എംപിമാരുടെ എണ്ണത്തിന് ആനുപാതികമായി മന്ത്രിസ്ഥാനം ലഭിക്കാത്തതിനാൽ ജെഡിയുവും ക്യാബിനറ്റ് പദവിയില്ലെന്നതിനാൽ അപ്നാ ദളും മോദി മന്ത്രസഭയിൽനിന്നു വിട്ടുനിന്നു.ഘനവ്യവാസങ്ങളും പൊതുസംരംഭങ്ങളുമാണ് ശിവസേനയുടെ മന്ത്രി അരവിന്ദ് സാവന്തിനു ലഭിച്ചത്. എൻഡിഎ സർക്കാർ എപ്പോൾ അധികാരത്തിൽവന്നാലും ഘനവ്യവസായം തങ്ങൾക്കു പതിവായി ലഭിക്കുന്നുവെന്നും മെച്ചപ്പെട്ട വകുപ്പകളിലൊന്നു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും സേനാവൃത്തങ്ങൾ പറഞ്ഞു. അതൃപ്തി ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.18 എംപിമാരുള്ള സേന കൂടുതൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനാരിക്കെ,ശിവസേനയെ കാര്യമായി പരിഗണിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന നേതൃത്വവും അഭിപ്രായപ്പെട്ടെന്നാണ് സൂചന. ബംഗാളിനു വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പരസ്യമായി വിമർശിച്ചു. 2014ൽ രണ്ട് എംപിമാരുണ്ടായിരുന്നപ്പോൾ 2 മന്ത്രിസ്ഥാനം ലഭിച്ചു. ഇപ്പോൾ, 22 എംപിമാർ വിജയിച്ചപ്പോഴും 2 പേർക്കു മാത്രം മന്ത്രിസ്ഥാനം.
ബിജെപി ജനറൽ സെക്രട്ടറിമാരിൽ സരോജ് പാണ്ഡെ, ഭുപീന്ദർ യാദവ്, അനിൽ ജെയിൻ എന്നിവരും ഉപാധ്യക്ഷൻമാരിൽ പ്രഭാത് ഝാ, വിനയ് സഹസ്രബുദ്ധെ, ഒ.പി.മാഥൂർ എന്നിവരും വക്താക്കളിൽ ജിവിഎൽ നരസിംഹ റാവുവും അനിൽ ബലൂണിയും രാജ്യസഭയിലുണ്ട്. ഇവരിലാരെയും മന്ത്രിസഭയിലേക്കു പരിഗണിച്ചില്ല. ജനറൽ സെക്രട്ടറിമാരിൽ, ബംഗാളിലെ വിജയത്തിനു ചുക്കാൻ പിടിച്ച കൈലാസ് വിജയ്‌വർഗിയയും ഒഡീഷയുടെ ചുമതലയുണ്ടായിരുന്ന അരുൺ സിങ്ങും ജമ്മു കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രവർത്തിച്ച റാം മാധവും പരിശീലനവിഭാഗം നോക്കിയ പി.മുരളീധർ റാവവും പരിഗണിക്കപ്പെട്ടില്ല. ഉത്തർ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജെ.പി.നഡ്ഡയെയും ഒഴിവാക്കിയെങ്കിലും പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ലോക്സഭയിൽ 303 അംഗങ്ങളുള്ളതിനാൽ രാജ്യസഭയിലെ പ്രമുഖരെ പരിഗണിക്കാനായില്ലെന്നാണ് പാർട്ടി വ്യാഖ്യാനം.
രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷായും രവി ശങ്കർ പ്രസാദും സ്മൃതി ഇറാനിയും ലോക്സഭയിലെത്തിയതിനാൽ രാജ്യസഭയിൽ 3 ഒഴിവുണ്ടാവും. അവയിൽ, ഒരെണ്ണം റാം വിലാസ് പസ്വാനും മറ്റൊന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിനുമാണ്. 16 സീറ്റ് നേടിയ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനം പോരെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയത്. ആനുപാതിക പ്രാതിനിധ്യരീതി പരിഗണിക്കപ്പെട്ടില്ലെന്നും ഇനി മന്ത്രിസഭയിൽ ചേരാനില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്നാ ദളിന്റെ അനുപ്രിയ പട്ടേൽ കഴിഞ്ഞ തവണ സഹമന്ത്രിയായിരുന്നു. ഇത്തവണ ക്യാബിനറ്റ് പദവി ചോദിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതിനാൽ, മന്ത്രിസഭയിൽ ചേരാൻ അപ്നാ ദൾ തയ്യാറായില്ല.
This post have 0 komentar
EmoticonEmoticon