ന്യൂഡൽഹി : രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്കില്‍ ഇടിവ്. ജനുവരി-മാര്‍ച്ച് നാലാം പാദത്തില്‍ ജിഡിപി നിരക്ക് 5.8 ആയി കുറഞ്ഞു. ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തിലെ 6.6ല്‍ നിന്നുമാണ് ജിഡിപി നിരക്ക് ഇടിഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കാണിത്.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ചൈന, സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ പിന്നിലാക്കി. രണ്ടു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ചൈന ഇന്ത്യയെ പിന്തള്ളുന്നതെന്നു കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ധനമന്ത്രിയായി ചുമതല ഏറ്റെടുത്ത നിർമല സീതാരാമന് പുതിയ കണക്കുകൾ വലിയ വെല്ലുവിളിയാകും.
കാര്‍ഷിക - നിർമാണ മേഖലകളിലെ മോശം പ്രകടനമാണ് ജിഡിപി നിരക്കിനെ ബാധിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2013-14 സാമ്പത്തിക വർഷത്തിലാണ് എറ്റവും കുറഞ്ഞ ഡിജിപി നിരക്ക് ഇതിനു മുൻപ് രേഖപ്പെടുത്തിയത്. 2019–20 സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏഴ് ശതമാനം വളർച്ച നേടുമെന്നാണ് ഫിച്ച് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമായിരിക്കുമെന്നാണ് ഫിച്ചിന്‍റെ വിലയിരുത്തല്‍.
കുറഞ്ഞ ജിഡിപി നിരക്ക് ആഭ്യന്തര ഉൽപാദനത്തെയും ആഗോള സാമ്പത്തിക വളർച്ചയെയും ബാധിച്ചേക്കും. നിർമാണം, സാമ്പത്തികം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ശക്തമായ മാന്ദ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ റിപ്പോ നിരക്കിലും മാറ്റമുണ്ടായേക്കും. ജൂണ്‍ ആറിനാണ് റിസര്‍വ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon