ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും ആം ആദ്‌മി പാർട്ടി രാജ്യതലസ്ഥാനത്തിന്റെ ഭരണത്തിലേക്ക്. വീണ്ടും അധികാരത്തിലേക്ക് നടന്നടുക്കുമ്പോൾ ആം ആദ്‌മി പാര്‍ട്ടിക്കിത് ജനക്ഷേമ നടപടികളുടെ അംഗീകാരം. ജനക്ഷേമങ്ങൾക്കൊപ്പം ബിജെപിയുടെ കടുത്ത വർഗീയ ആക്ഷേപങ്ങളെയും മറികടന്നാണ് കേജരിവാളും സംഘവും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിലേക് നടന്ന് കയറുന്നത്.
അവസാനമായി ലഭ്യമാകുന്ന വിവരം അനുസരിച്ച് ആം ആദ്‌മി പാർട്ടി 56 സീറ്റിൽ മുന്നിലാണ്. കേവലഭൂരിപക്ഷത്തിന് വേണ്ട 36 സീറ്റുകളെക്കാൾ ഏറെ മുന്നിലാണ് എന്നതിനാൽ ആം ആദ്‌മിക്ക് ഭരണം ഉറപ്പായി. 14 സീറ്റിൽ ബിജെപിയാണ് മുന്നിൽ. അതേസമയം അക്കൗണ്ട് തുറക്കാനാകാതെ ദയനീയ തോൽവിയിലാണ് കോൺഗ്രസ്. അരവിന്ദ് കേജരിവാൾ മുന്നിലാണ്.
ഭരണ വിരുദ്ധ വികാരവും ബി.ജെ.പി ഉയര്‍ത്തിയ കടുത്ത വര്‍ഗീയ ധ്രുവീകരണവും അതിജീവിച്ചാണ് അരവിന്ദ് കേജ്രിവാള് എന്ന മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന് ഡൽഹിയുടെ നായകനാകുന്നത്. ഭരണ വിരുദ്ധ തരംഗത്തെ സ്വന്തം ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് മറികടക്കാന്‍ കഴിഞ്ഞുവെന്നതാണ് ആപ്പ് അധികാരമുറപ്പിക്കുമ്പോൾ വിലയിരുത്താന്‍ കഴിയുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങളും സൗജന്യങ്ങളും തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അത് വീണ്ടും അധികാരത്തിലേക്കുള്ള വഴിയായി. സൗജന്യ വെള്ളം, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് കെജ്രിവാള് സര്‍ക്കാര്‍ നടപ്പാക്കിയത്.
അതേസമയം, ഈ തെരഞ്ഞെടുപ്പ് കാലത്ത് കടുത്ത വർഗീയ വിമർശനമാണ് ബിജെപി കേജരിവാളിന് നേരെയും ആം ആദ്‌മിക്ക് നേരെയും നടത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധിക്കുന്ന മുസ്ലിംകളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചുകൊണ്ടുള്ള വര്‍ഗീയ ധ്രുവീകരണം ബിജെപി നടത്തിയപ്പോൾ, ഷാഹീന്‍ ബാഗ് സമരത്തിന്റെ പേരില്‍ ആം ആദ്‌മിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ബിജെപി പ്രചരണം. കേജ്രിവാളിനെ തീവ്രവാദിയെന്ന് പോലും ആക്ഷേപിച്ചു. എന്നിട്ടും ആം ആദ്‌മി നേടിയ വിജയം ബിജെപിയുടെ വർഗീയതയ്ക്ക് കൂടി ജനം നൽകിയ തിരിച്ചടിയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon